കൊച്ചി: നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകിയായ അമീറുല്‍ ഇസ്ലാമിന് വധശിക്ഷ നല്‍കണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി. കേസിലെ വിധി കേള്‍ക്കാന്‍ എറണാംകുളം സെഷന്‍സ് കോടതിയില്‍ എത്തിയതായിരുന്നു രാജേശ്വരി. അതേസമയം, അമീറുല്‍ ഇസ്ലാമിനെ കോടതിയിലെത്തിച്ചു.
ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ വിധി അല്‍പ്പസമയത്തിനകം പറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജനമനസാക്ഷിയെ ഞെട്ടിപ്പിച്ച കേസില്‍ വിധി പറയുക. ഒരു വര്‍ഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ജിഷ കേസില്‍ വിധി വരുന്നത്. 293 രേഖകളും 36 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.
2013 ലെ ക്രമിനല്‍ നടപടി ചട്ടത്തിലെ ഭേദഗതി പ്രകാരമാണ് പീഡന കേസുകളില്‍ രഹസ്യ വിചാരണ നടത്തുന്നത്. സാധാരണഗതിയില്‍ ഇരയുടെ ഭാവി ജീവതവും സ്വകാര്യതയും മാനിക്കാണ് രഹസ്യ വിചാരണ. എന്നാല്‍ ജിഷയുടേത് പീഡനത്തിനുമപ്പുറം കൊലപാതക കേസായാണ് കോടതി പരിഗണിച്ചതെങ്കിലും സാക്ഷികളുടെ സ്വകാര്യത മാനിച്ച് കേസില്‍ രഹസ്യ വിചാരണ നടത്തുകയായിരുന്നു. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നുള്ള 100 സാക്ഷികളുടെയും പ്രതിഭാഗത്തെ അഞ്ച് സാക്ഷികളുടേയും വിസ്താരം പൂര്‍ത്തിയാക്കിയാണ് എണറാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസ് വിധി പറയുന്നത്. സാഹചര്യതെളിവുകളുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് പ്രേസിക്യൂഷന്‍ കേസിലെ ഏകപ്രതിയായ അമീറുല്‍ ഇസ്ലാമിനെതിരെ കുറ്റം ആരോപിച്ചിരിക്കുന്നത്.
2016 ഏപ്രില്‍ 28ന് പെരുമ്പാവൂരിലെ കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടില്‍ അതിക്രമിച്ചു കയറുകയും നിയമവിദ്യാര്‍ത്ഥിനിയായിരുന്ന ജിഷയെ മാനഭംഗപ്പെടുത്തി കൊലചെയ്തുവെന്നാണ് കേസ്. മാര്‍ച്ച് 13 നാണു കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്.