X

രക്തം കണ്ടപ്പോള്‍ ജയിലില്‍ തലകറങ്ങി വീണ് അമീറുല്‍ ഇസ്‌ലാം; ആ കൊടും കുറ്റവാളി ഇയാള്‍ തന്നെയാണോ എന്ന് സഹതടവുകാര്‍

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി അമീറുല്‍ ഇസ്‌ലാം ജയിലില്‍ രക്തം കണ്ട് തലകറങ്ങി വീണതായി റിപ്പോര്‍ട്ട്. കാക്കനാട്ടെ സബ്ജയിലില്‍ വെച്ചാണ് സംഭവം.

കഴിഞ്ഞ ദിവസം അമീറിന്റെ സെല്ലിലെ രണ്ട് തടവുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് ചോരപൊടിഞ്ഞത് കണ്ട അമീര്‍ ജയിലില്‍ തലകറങ്ങി വീഴുകയായിരുന്നു. രക്തം കണ്ട് താഴെവീണ അമീറിനെ മറ്റു തടവുകാര്‍ ചേര്‍ന്ന് മുഖത്ത് വെള്ളംതെളിച്ച് എഴുന്നേല്‍പ്പിക്കുകയായിരുന്നു. കൊടുംകുറ്റവാളിയുടെ ഈ അവസ്ഥയാണിപ്പോള്‍ ജയിലിലെ പ്രധാന തമാശ. അതിനോടൊപ്പം തന്നെ കുറച്ച് സീരിയസ്സായ ചോദ്യങ്ങള്‍ കൂടി അവര്‍ ചോദിക്കുന്നുണ്ട്. ഇയാള്‍ തന്നെയാണോ ജിഷയെ കൊലപ്പെടുത്തിയതെന്ന്. അമീറിന്റെ പെരുമാറ്റത്തിലും ഇടപെടലിലും ഇയാളെയാരോ ഡമ്മിയാക്കിയതാണെന്നുള്ള സംശയമുണ്ടെന്നും സഹതടവുകാര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷമാണ് ജിഷ കൊല്ലപ്പെടുന്നത്. വീട്ടില്‍ നിന്നും കണ്ടെത്തിയ മൃതദേഹത്തില്‍ മുപ്പതിലധികം മുറിവുകളുണ്ടായിരുന്നു. ശ്വാസം മുട്ടിച്ചും മര്‍ദ്ദിച്ചുമായിരുന്നു കൊല നടത്തിയത്. സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ ജിഷക്ക് മര്‍ദ്ദമേറ്റിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ പ്രതിയെ പിടികൂടുന്നത് കുറ്റകൃത്യം നടന്ന് ദിവസങ്ങള്‍ക്കുശേഷമാണ്. കുളിക്കടവില്‍ വച്ച് മറ്റൊരു സ്ത്രീ തന്നെ മര്‍ദ്ദിക്കുന്നത് കണ്ട് ജിഷ ചിരിച്ചതിന്റെ പ്രതികാരത്തിലാണ് കൃത്യം നിര്‍വഹിച്ചതെന്ന് അമിറുള്‍ പറഞ്ഞുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ അന്നും അമീര്‍ തന്നെയാണോ കൊല നടത്തിയത് എന്നുള്ള സംശയം ഉയര്‍ന്നിരുന്നു.

chandrika: