X
    Categories: MoreViews

ജിഷ വധക്കേസ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍

കൊച്ചി: ജിഷ വധക്കേസിലെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തുന്നതിനായി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ജിഷ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍. കഴിഞ്ഞ ദിവസം വിചാരണ കോടതി നല്‍കിയ വധശിക്ഷ കുറ്റവാളികള്‍ക്ക് ശക്തമായ താക്കീതാണെങ്കിലും ഈ വിധിയിലൂടെ ജിഷക്ക് നീതി ലഭിച്ചുവെന്ന് വിശ്വസിക്കുന്നില്ല. കേസ് അന്വേഷിച്ച ഇരു പൊലീസ് സംഘങ്ങളും കേസില്‍ തിരിമറി നടത്തുകയും കേസ് അട്ടിമറിച്ച് യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താനുമാണ് ശ്രമിച്ചത്. അമീര്‍ തന്നെയാണ് പ്രതി എന്നു കരുതിയാല്‍ തന്നെയും ഇയാള്‍ക്കൊപ്പം കൂട്ടു പ്രതികളുണ്ടെന്ന വാദം ശക്തമാണ്. ജിഷയുടെ അമ്മക്ക് പൊലീസ് സംരക്ഷണം തുടരുന്നതില്‍ ദുരൂഹതയുണ്ട്. അമ്മയെ ചോദ്യം ചെയ്താല്‍ പ്രതിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

ഇരു പൊലീസ് അന്വേഷണ സംഘങ്ങളും കേസ് അട്ടിമറിച്ച് ജിഷക്ക് നീതി നിഷേധിച്ചത് സംബന്ധിച്ചും ജിഷ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചും മുഖ്യമന്ത്രിക്ക് പരാതി നല്‍കും. ഈ കേസുമായി ബന്ധപ്പെട്ട് സമരരംഗത്തുണ്ടായിരുന്ന എല്ലാ സംഘടനകളുടെയും ഉള്‍പ്പെടുത്തി എറണാകുളത്ത് കണ്‍വെന്‍ഷനും സംഘടിപ്പിക്കും.രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന കേസുകളില്‍ പൊലീസ് നടത്തുന്ന തിരിമറികളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. സി.കെ.സെയ്തുമുഹമ്മദ്, ഇസ്മായില്‍ പള്ളിപ്രം, ഒര്‍ണ കൃഷ്ണന്‍കുട്ടി, ലൈല റഷീദ്, അമ്പിളി ഓമനക്കുട്ടന്‍, സുല്‍ഫിക്കര്‍ അലി, എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

chandrika: