X
    Categories: MoreViews

പിണറായിയെ തള്ളി പൊലീസ്; ജിഷ വധം ആദ്യ അന്വേഷണത്തില്‍ വീഴ്ച പറ്റിയിട്ടില്ല

തിരുവനന്തപുരം: ജിഷ വധക്കേസിലെ ആദ്യ അന്വേഷണത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് പൊലീസ്. എഫ് ഐ ആറിലെ തെളിവുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് ഔദ്യോഗിക വിശദീകരണം നല്‍കിയത്. വിവരാവകാശ രേഖയിലാണ് ഒരു വീഴ്ചയും ഉണ്ടായില്ലെന്നും തെളിവൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നുമാണ് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസ് വ്യക്തമാക്കിയത്.

വിവരാവകാശ നിയമപ്രകാരം എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസാണ് നല്‍കിയ മറുപടി രേഖ

യുഡിഎഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. വീഴ്ചയുണ്ടായെന്ന് ആരോപിച്ച് ദക്ഷിണമേഖലാ എഡിജിപിയായിരുന്ന കെ പത്മകുമാറിനെ മാറ്റി ബി സന്ധ്യയെ മേഖലാ എഡിജിപിയാക്കി പുതിയ അന്വേഷണസംഘത്തിന് പുതിയ സര്‍ക്കാര്‍ നേതൃത്വം നല്‍കിയിരുന്നു. കൂടാതെ ഡിജിപിയായിരുന്ന ടി.പി.സെന്‍കുമാറിനെ തല്‍സ്ഥാനത്തുനിന്ന് നീക്കുകയുമുണ്ടായി.

നാടിനെ നടുക്കിയ അരുംകൊലയായിട്ടും പൊലീസ് അന്വേഷണത്തില്‍ തുടക്കംമുതല്‍ വീഴ്ച വരുത്തി. ശാസ്ത്രീയതെളിവുകള്‍ അടക്കം ശേഖരിക്കാനായില്ല. മഹസര്‍ തയ്യാറാക്കുന്നതിലും പോസ്റ്റ്‌മോര്‍ട്ടത്തിലും വന്‍ വീഴ്ച വരുത്തി. തിടുക്കപ്പെട്ട് മൃതദേഹം ദഹിപ്പിക്കാനും പൊലീസ് മുന്നിട്ടിറങ്ങി. തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ രക്ഷിക്കാനായി പൊലീസ് നാടകം കളിച്ചു, തുടങ്ങിയ ആരോപണങ്ങളാണ് അന്ന് പ്രതിപക്ഷമായിരുന്ന പിണറായി വിജയനടക്കം ഇടതുനേതാക്കള്‍ ഉന്നയിച്ചത്. എല്‍ഡിഎഫ് അധികാരത്തില്‍വന്നാല്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പുതിയ സംഘത്തെ നിയമിച്ച് അന്വേഷണം നടത്തുമെന്നും വാഗ്ദാനം നല്‍കിയിരുന്നു.

അതേസമയം, ജിഷ വധക്കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന് വേറെ ഏജന്‍സി വേണ്ടെന്നും ജിഷ വധക്കേസ് തെരഞ്ഞെടുപ്പ് വിഷയമായി യു.ഡി.എഫ് കാണുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

chandrika: