കൊച്ചി: ജിഷ വധക്കേസില്‍ അമീറുല്‍ ഇസ്ലാമിന് കോടതി വധശിക്ഷ വിധിച്ചതിനെതിരെ അമീറുലിന്റെ അഭിഭാഷകന്‍ ആളൂര്‍ രംഗത്ത്. കീഴ്‌ക്കോടതികള്‍ക്ക് നട്ടെല്ലിന്നായിരുന്നു ആളൂരിന്റെ പ്രതികരണം. വിചാരണക്കോടതി പ്രോസിക്യൂഷന്റെ വക്താവായി നില്‍ക്കുകയാണ്. സര്‍ക്കാരിനുവേണ്ടിയാണ് കോടതിയുടെ വിധി. പ്രതിയുടെ സ്വാഭാവിക അവകാശമാണ് മേല്‍ക്കോടതികളെ സമീപിക്കുന്നത്. വധശിക്ഷക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ആളൂര്‍ അറിയിച്ചു.
നീതിപീഠം ദൈവമാണെന്നും ഇനിയൊരു പെണ്‍കുട്ടിക്കും ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാവരുതെന്നും ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞു. വിധിയില്‍ സന്തോഷമുണ്ടെന്ന് സഹോദരി ദീപയും പ്രതികരിച്ചു. വിധിയില്‍ സന്തോഷമുണ്ടെന്ന് തന്നെയായിരുന്നു എ.ഡി.ജി.പി സന്ധ്യയുടേയും പ്രതികരണം. അന്വേഷണ സംഘത്തെ അഭിനന്ദിക്കുന്നു. പിന്തുണച്ചവര്‍ക്ക് നന്ദിയുണ്ടെന്നും വിമര്‍ശകര്‍ക്കുള്ള മറുപടിയാണ് വിധിയെന്നും സന്ധ്യ കൂട്ടിച്ചേര്‍ത്തു.
അമീറുലിനെ മരണം വരെ തൂക്കികൊല്ലണമെന്നാണ് എറണാംകുളം സെഷന്‍സ് കോടതി വിധി. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് കോടതി പറഞ്ഞു. ജിഷ കൊല്ലപ്പെട്ടിട്ട് 19 മാസങ്ങള്‍ക്കുശേഷമാണ് കോടതി വിധി വരുന്നത്. പീഢനക്കുറ്റത്തിന് 10 വര്‍ഷം തടവും കോടതി വിധിച്ചു.
ജിഷാവധക്കേസിലെ ഏക കുറ്റവാളിയാണ് അമീറുല്‍ ഇസ്ലാം. ഇന്നലെ തുടരന്വേഷണം ആവശ്യപ്പെട്ട് അമീര്‍ ഉള്‍ ഇസ്ലാം നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. വിധി പറഞ്ഞ ശേഷം ഇക്കാര്യം പരിഗണിക്കാമെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കിയിരുന്നു. കേസില്‍ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു.
2016ഏപ്രില്‍ 28നാണ് ജിഷ കൊല്ലപ്പെടുന്നത്. കേസില്‍ നൂറോളം സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. ഡി.എന്‍.എ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് അമീറുലിനെ കുറ്റക്കാരനായി കണ്ടെത്തിയത്. മാര്‍ച്ച് 13ന് തുടങ്ങിയ വിചാരണ അവസാനിച്ചത് നവംബര്‍ 21നാണ്.