X
    Categories: MoreViews

2017-ല്‍ ജിയോ വിപണിയുടെ രണ്ട് ശതമാനം പിടിക്കില്ല; പക്ഷേ, മറ്റ് കമ്പനികള്‍ക്ക് തിരിച്ചടിയേല്‍പ്പിക്കും

റിലയന്‍സ് ജിയോ 2017-ല്‍ ഇന്ത്യന്‍ ടെലികോം വിപണിയിലെ രണ്ടു ശതമാനം വരുമാനം നേടില്ലെന്ന് പ്രവചനം. ആഗോള റേറ്റിങ് ഏജന്‍സിയായ ഫിച്ച് ആണ് മുകേഷ് അംബാനിയുടെ ‘ജിയോ’ അടുത്ത വര്‍ഷം രണ്ട് ശതമാനത്തില്‍ താഴെ മാത്രം വരുമാനമേ നേടൂ എന്ന് പ്രവചിക്കുന്നത്.

അതേസമയം, ഇന്ത്യന്‍ വിപണിയുടെ സിംഹഭാഗം കൈയാളുന്ന എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നിവക്ക് തിരിച്ചടിയേല്‍പ്പിക്കാന്‍ ജിയോക്കാവും. നിലവില്‍ ഈ മൂന്നു കമ്പനികളും കൂടി കൈയടക്കി വെച്ചിരിക്കുന്ന 84 ശതമാനം വരുമാനം 79 ശതമാനമായി കുറയും. മാത്രമല്ല, ഇന്റര്‍നെറ്റ് ഡേറ്റ വിലകുറച്ച് നല്‍കുന്നതിലൂടെ ഈ രംഗത്ത് ശക്തമായ മത്സരം സൃഷ്ടിക്കാനും ജിയോക്ക് കഴിയും – ഫിച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സേവനങ്ങളുടെ വില ജിയോ കുറക്കുകയും വിവിധ മേഖലകളില്‍ സൗജന്യ സേവനങ്ങള്‍ നല്‍കിത്തുടങ്ങുകയും ചെയ്യുന്നതോടെ മറ്റ് കമ്പനികളും ആ വഴിക്ക് ചിന്തിക്കേണ്ടി വരും. അതോടെ, വരുമാനത്തില്‍ കുറവുണ്ടാകും. ഏതായാലും 2017 ഇന്ത്യന്‍ മൊബൈല്‍ കമ്പനികളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ ഒരു വര്‍ഷമായിരിക്കുമെന്നാണ് ഫിച്ച് ചൂണ്ടിക്കാട്ടുന്നത്.

“പന്തയമല്ല ഈ കളി”

നിലവില്‍ പ്രമോഷന്റെ ഭാഗമായി ഇന്റര്‍നെറ്റ് അടക്കമുള്ള സേവനങ്ങള്‍ ജിയോ സൗജന്യമായാണ് നല്‍കുന്നത്. 2017 ജനുവരി മുതലായിരിക്കും വ്യാവസായികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങുക. ഒന്നര ലക്ഷം കോടിയാണ് ഇതിനകം ജിയോക്കു വേണ്ടി റിലയന്‍സ് ചെലവിട്ടത്. 2020-ഓടെ ഒരു ലക്ഷം കോടി കൂടി കളത്തിലിറക്കും. വന്‍ തുകയെറിഞ്ഞുള്ള ഈ കളി വെറും പന്തയമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെയാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും മുകേഷ് അംബാനി ഈയിടെ വ്യക്തമാക്കിയിരുന്നു.

chandrika: