ന്യൂഡല്‍ഹി: ടെലികോം രംഗത്ത് മാറ്റങ്ങള്‍ വരുത്തിയ മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് ഉപഭോക്താക്കള്‍ക്കായി സ്മാര്‍ട്ട് ഫീച്ചര്‍ ഫോണുകള്‍ അവതരിപ്പിച്ചു. കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
ഫോണ്‍ സൗജന്യമാണെങ്കിലും സെക്യൂരിറ്റി ഡെപ്പോസിറ്റായി 1500 രൂപ നല്‍കണം. ഈ തുക മൂന്നു വര്‍ഷത്തിനു ശേഷം പൂര്‍ണമായും ഉപയോക്താവിനു തിരികെ നല്‍കും.
ഫോണിന്റെ ദുരുപയോഗം തടയാനാണ് നിശ്ചിത തുക വാങ്ങുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. ജിയോ സിം പുറത്തിറങ്ങുമ്പോള്‍ അഞ്ഞൂറ് രൂപയുടെ സ്മാര്‍ട്ട് ഫോണ്‍ ഇറക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സൗജന്യമായി നല്‍കാന്‍ കമ്പനി പിന്നീട് തീരുമാനിക്കുകയായിരുന്നു.
ഈ വര്‍ഷം അവസാനത്തോടെ ജിയോ ഫോണുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിച്ചു തുടങ്ങും. ആഴ്ചയില്‍ 50 ലക്ഷം ഫോണുകളുടെ നിര്‍മാണമാണ് കമ്പനി ലക്ഷ്യമിടുന്നത്.
രാജ്യത്തെ 22 ഭാഷകളെ ഫോണ്‍ സപ്പോര്‍ട്ട് ചെയ്യുമെന്ന് മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനി പറഞ്ഞു.
ജിയോ ധന്‍ ധനാ ധന്‍ ഓഫര്‍ പ്രകാരം പ്രതിമാസം 153 രൂപയാണ് നിരക്ക്. പരിധിയില്ലാത്ത ഡാറ്റയോടൊപ്പം വോയ്‌സ് കോളുകളും എസ്.എം.എസും സൗജന്യമായിരിക്കും.
ബുക്കിങ് ആഗസ്ത് 24ന്
ജിയോ ഫീച്ചര്‍ ഫോണിന്റെ ബുക്കിങ് ആഗസ്ത് 24ന് ആരംഭിക്കും. ബുക്കിങ് മുന്‍ഗണനാ ക്രമമനുസരിച്ചാണ് ഫോണുകള്‍ വിതരണം ചെയ്യുകയെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.