ഡല്‍ഹി: റിലയന്‍സ് ജിയോക്കെതിരെ പഞ്ചാബില്‍ വ്യാപക പ്രതിഷേധം. ജിയോ മൊബൈലിന്റെ 30 ടവറുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചതിനു പുറമെ ജിയോ നമ്പറുകള്‍ പോര്‍ട്ട് ചെയ്യാനും വരിക്കാരെ നിര്‍ബന്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പഞ്ചാബിലെ വിവിധ ഗ്രാമങ്ങളിലെ കര്‍ഷകരും മറ്റുള്ളവരും വെള്ളിയാഴ്ച മുതലാണ് ജിയോക്കെതിരായ ആക്രമണം ശക്തമാക്കിയത്.
മൂന്ന് കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഇപ്പോള്‍ മൊബൈല്‍ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കാന്‍ തുടങ്ങിയത് ജിയോ വരിക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പഞ്ചാബിലെ പല ഭാഗങ്ങളിലും ടെലികോം സേവനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. പഞ്ചാബിലെ നൂറിലധികം ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
സാബ്ര, ജൗറ, ബോപരായ്, മീഡിയാല ജയ് സിംഗ്, അല്‍ഗോ കാല ഗ്രാമങ്ങളിലെ ജിയോയുടെ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം ശനിയാഴ്ചയാണ് വിച്ഛേദിച്ചത്. ഇതോടൊപ്പം തന്നെ നിലവിലുള്ള മൊബൈല്‍ നമ്പര്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ മറ്റ് നെറ്റ്‌വര്‍ക്ക് ഓപ്പറേറ്ററിലേക്ക് മാറുന്നതിനായി ഗുരുദ്വാരകളുടെ പബ്ലിക് അഡ്രസ് സിസ്റ്റം വഴി കര്‍ഷകര്‍ സ്ഥിരമായി ജനങ്ങള്‍ക്ക് അറിയിപ്പുകള്‍ നല്‍കുന്നുണ്ടെന്നാണ് അറിയുന്നത്.