X

കര്‍ഷക സമരത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ജിയോ; നഷ്ടമായത് 20 ലക്ഷത്തിലധികം വരിക്കാരെ

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയുടെ വയര്‍ലെസ് വരിക്കാരുടെ എണ്ണം ഡിസംബറില്‍ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ കുത്തനെ കുറഞ്ഞു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ ഡേറ്റയില്‍ ഇക്കാര്യം വ്യക്തമാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളിലായി ജിയോ പുതിയ വരിക്കാരെ സ്വന്തമാക്കുന്നതില്‍ പ്രതിസന്ധി നേരിടുകയാണ്.

കര്‍ഷകരുടെ പ്രതിഷേധത്തിന്റെ ഫലമായി ജിയോയ്ക്ക് പഞ്ചാബില്‍ മാത്രം 15 ലക്ഷത്തിലധികം വരിക്കാരെ നഷ്ടപ്പെട്ടു. പഞ്ചാബിലെ ഉപഭോക്താക്കളുടെ എണ്ണം നവംബറിലെ 1.4 കോടിയില്‍ നിന്ന് ഡിസംബറില്‍ 1.25 കോടിയായി കുറഞ്ഞു. അതേസമയം, ഹരിയാനയില്‍ ജിയോ വരിക്കാരുടെ എണ്ണം നവംബറിലെ 94.48 ലക്ഷത്തില്‍ നിന്ന് ഡിസംബറില്‍ 89.07 ലക്ഷമായും കുറഞ്ഞു. മൊത്തത്തില്‍, രണ്ട് സംസ്ഥാനങ്ങളിലായി 20 ലക്ഷത്തിലധികം വരിക്കാരെയാണ് ജിയോയ്ക്ക് നഷ്ടമായത്.

ഡിസംബറില്‍ രാജ്യത്താകെ ജിയോ 4.78 ലക്ഷത്തിലധികം പുതിയ ഉപഭോക്താക്കളെ നേടിയപ്പോള്‍ എതിരാളിയായ ഭാരതി എയര്‍ടെല്‍ 40 ലക്ഷത്തിലധികം ഉപയോക്താക്കളെ ചേര്‍ത്തു.

കര്‍ഷക സമരം തുടങ്ങിയതിന് ശേഷം മാത്രമാണ് റിലയന്‍സ് ജിയോയ്ക്ക് പഞ്ചാബില്‍ വരിക്കാരുടെ എണ്ണം കുറയുന്നത്. ഇതിനു മുന്‍പ് 2019 ഡിസംബറിലാണ് നേരിയ ഇടിവ് നേരിട്ടത്. ഹരിയാനയുടെ കാര്യത്തില്‍, ജിയോ തുടങ്ങിയതിനു ശേഷം ആദ്യമായാണ് വരിക്കാരുടെ എണ്ണം കുത്തനെ താഴോട്ട് പോകുന്നത്.

Test User: