റിലയന്‍സ് ജിയോ ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ വില്‍പ്പന രംഗത്തും വിപ്ലവം സൃഷ്ടിച്ചേക്കും. ഹാന്‍ഡ്‌സെറ്റ് നിര്‍മാണം തുടങ്ങാനായി അവര്‍ യുണൈറ്റ്ഡ് ടെലി ലിങ്ക്‌സ് എന്ന പ്രാദേശിക കമ്പനിയെ ഏറ്റെടുക്കുകയോ, ആ കമ്പനിയുമായി ധാരണയിലെത്തുകയോ ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജിയോയുടെ പുതിയ പങ്കാളിയായ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഉപയോഗിച്ചായിരിക്കും ഹാന്‍ഡ്‌സെറ്റുകള്‍ നിര്‍മിക്കുക. കുറഞ്ഞ വിലയില്‍ മികച്ച സ്മാര്‍ട്ടഫോണ്‍ കിട്ടിയാല്‍ വാങ്ങാന്‍ കാത്തിരിക്കുന്നവരാണ് ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ എന്ന് മുകേഷ് അംബാനി മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു.
ഹാന്‍ഡ്‌സെറ്റുകളും ഡേറ്റയും കോളും എസ്എംഎസും, ഇതര സേവനങ്ങളും അടക്കമുള്ളതെല്ലാം തങ്ങളുടെ കമ്പനിയില്‍ നിന്നു തന്നെ നല്‍കി ഉപയോക്താവിനെ അതില്‍ തളച്ചിടാനുള്ള ശ്രമമാണ് ജിയോ മുന്നോട്ട് വെക്കുന്നതെന്ന് പറയപ്പെടുന്നു. വില കുറഞ്ഞ 4ജി സ്മാര്‍ട് ഫോണുകളായിരിക്കാം ആദ്യം നിര്‍മിക്കുക.
ഇതിലൂടെ ഇപ്പോഴും, 2ജി, 3ജി ഫോണുകള്‍ ഉപയോഗിക്കുന്നവരെ ആകര്‍ഷിക്കാമെന്ന പദ്ധതിയാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നു പറയുന്നു. ഹാന്‍ഡ്‌സെറ്റ് വില്‍പ്പനയും ധാരാളം പണം വാരാവുന്ന മേഖലയാണെന്നാണ് പറയുന്നത്. 2023ല്‍ തങ്ങള്‍ക്ക് 500 ദശലക്ഷം ഉപയോക്താക്കള്‍ കിട്ടണമെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ നീങ്ങുന്നതെന്ന് നേരത്തെ അംബാനി വെളിപ്പെടുത്തിയിരുന്നു. ആദ്യം 4ജിയും തുടര്‍ന്ന് വളരെ വില കുറഞ്ഞ 5ജി ഹാന്‍ഡ്‌സെറ്റുകളും ഇറക്കാനായിരിക്കും അംബാനിയുടെ ലക്ഷ്യം.
നേരത്തെയും ഹാന്‍ഡ്‌സെറ്റുകള്‍ക്കൊപ്പം ഡേറ്റാ, കോള്‍, എസ്എംഎസ് പാക്കുകള്‍ നല്‍കുന്ന രീതി ജിയോ നടത്തിയിട്ടുണ്ട്. പുതിയ നീക്കം ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടിയായേക്കുമെന്ന് ഉറപ്പാണ്.