മുംബൈ: ഈ വര്‍ഷം മാര്‍ച്ച് 31 ന് ശേഷം ജിയോ സേവനങ്ങള്‍ സൗജന്യമായിരിക്കില്ലെന്ന് ഉടമ മുകേഷ് അംബാനി. ഏപ്രില്‍ ഒന്ന് ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കിത്തുടങ്ങുമെന്നും എന്നാല്‍ മറ്റ് മൊബൈല്‍ കമ്പനികള്‍ക്ക് നല്‍കാന്‍ കഴിയാത്തത്ര കുറഞ്ഞ നിരക്കില്‍ മികച്ച സേവനങ്ങളാണ് ജിയോ നല്‍കുകയെന്നും അംബാനി വ്യക്തമാക്കി.
നിലവിലെ ഉപഭോക്താക്കള്‍ക്ക് വേണ്ടി അവതരിപ്പിക്കുന്ന ‘ജിയോ പ്രൈം’ ആണ് അംബാനിയുടെ പ്രഖ്യാപനങ്ങളില്‍ ഏറ്റവും ആകര്‍ഷകം. 99 രൂപ നല്‍കി ജിയോ പ്രൈം അംഗത്വമെടുത്താല്‍ ഓരോ മാസവും 303 രൂപക്ക് റീചാര്‍ജ് ചെയ്ത് നിലവിലെ സൗകര്യങ്ങള്‍ (പ്രതിദിനം സൗജന്യമായി അതിവേഗ 1 ജി.ബി ഡേറ്റ, പരിധിയില്ലാതെ കോള്‍ സൗകര്യം) എന്നിവ തുടര്‍ന്നും ആസ്വദിക്കാനാവും. ഒരു വര്‍ഷമാണ് ജിയോ പ്രൈമിന്റെ കാലാവധി. മൈ ജിയോ ആപ്പ് വഴി പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാം.
ജിയോയുടെ കടന്നുവരവോടെ മറ്റു മൊബൈല്‍ നെറ്റ് വര്‍ക്ക് കമ്പനികള്‍ അസ്വസ്ഥരായിരിക്കുകയാണെന്നും നൂറു കണക്കിന് പ്ലാനുകളാണ് അവര്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും അംബാനി പറഞ്ഞു. ഇവയേക്കാളൊക്കെ മികച്ച പ്ലാന്‍ ആയിരിക്കും മാര്‍ച്ച് 31-നു ശേഷം ജിയോ നല്‍കുക. മറ്റ് എല്ലാ ഓപറേറ്റര്‍മാരേക്കാളും ഇരട്ടി 4ജി ബേസ് സ്റ്റേഷനുകള്‍ ജിയോക്കുണ്ട്. ഇത് വരും മാസങ്ങളില്‍ ഇരട്ടിയാക്കുമെന്നും 99 ശതമാനം ഇന്ത്യക്കാരിലും ജിയോ എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 170 ദിവസങ്ങളില്‍ ഓരോ നിമിഷവും ഏഴു പേര്‍ എന്ന നിലയ്ക്കാണ് ജിയോ ഉപഭോക്താക്കളെ സ്വന്തമാക്കിയതെന്ന് അംബാനി പറയുന്നു. ലോകത്തെ മറ്റെല്ലാ കമ്പനികളേക്കാളും മികച്ചതാണിത്. ജിയോ വരുന്നതിനു മുമ്പ് ബ്രോഡ്ബാന്റ് കാര്യക്ഷമതയില്‍ ഇന്ത്യ 150-ാം സ്ഥാനത്താണ്. ഇപ്പോള്‍ നമ്മള്‍ ഒന്നാം സ്ഥാനത്തും. – അംബാനി പറഞ്ഞു.
2016 സെപ്തംബറിലാണ് സൗജന്യങ്ങള്‍ വാരിവിതറി ജിയോ അവതരിച്ചത്. ജനുവരി ഒന്നു മുതല്‍ ഹാപ്പി ന്യൂഇയര്‍ ഓഫര്‍ വഴി സൗജന്യങ്ങളുടെ കാലാവധി മാര്‍ച്ച് വരെ നീട്ടി. ഇതിനകം പത്ത് കോടി ഉപഭോക്താക്കളെ സ്വന്തമാക്കാന്‍ കഴിഞ്ഞു എന്നാണ് ജിയോയുടെ അവകാശവാദം.
<iframe width=”560″ height=”315″ src=”https://www.youtube.com/embed/2XGyUGM1rXY” frameborder=”0″ allowfullscreen></iframe>