ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട നവംബറിലെ കണക്കുകള്‍ പ്രകാരം ഭാരതി എയര്‍ടെല്‍ 43.70 ലക്ഷം പുതിയ വയര്‍ലെസ് വരിക്കാരെ ചേര്‍ത്തു. എന്നാല്‍, റിലയന്‍സ് ജിയോയ്ക്ക് 19.36 ലക്ഷം പേരെ മാത്രമാണ് അധികം ചേര്‍ക്കാന്‍ കഴിഞ്ഞത്. അതേസമയം, വോഡഫോണ്‍ ഐഡിയക്ക് 28.94 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്.
തുടര്‍ച്ചയായ നാലാം മാസവും എയര്‍ടെല്‍ പരമാവധി വയര്‍ലെസ് വരിക്കാരെ ചേര്‍ക്കുന്നതില്‍ ജിയോയെ പിന്നിലാക്കി കുതിക്കുകയാണ്. വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളുടെ കാര്യത്തില്‍, ജിയോയുടേത് 41.07 കോടിയും എയര്‍ടെലിന്റേത് 17.44 കോടിയും വോഡഫോണ്‍ ഐഡിയയുടേത് 12.09 കോടിയുമാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പങ്കിട്ട ഡേറ്റ പ്രകാരം, വോഡഫോണ്‍ ഐഡിയയ്ക്ക് ഉപയോക്താക്കളെ മൊത്തത്തില്‍ നഷ്ടപ്പെട്ടുവെങ്കിലും ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളെ ചേര്‍ക്കാന്‍ കമ്പനിക്ക് കഴിഞ്ഞു.
മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ കൂടുതല്‍ ഉപയോക്താക്കളെ ചേര്‍ക്കുന്നതിനും അപ്‌ഗ്രേഡുചെയ്യുന്നതിനും ശ്രമിക്കുന്നതിനാല്‍ 4ജി ഉപയോക്താക്കള്‍ക്കുള്ള മത്സരം ശക്തമാകുകയാണ്. നിലവില്‍ ഏകദേശം 35 കോടിയോളം 2ജി ഉപയോക്താക്കളുണ്ട്. പ്രാഥമികമായി എയര്‍ടെല്‍, ബിഎസ്എന്‍എല്‍, വോഡഫോണ്‍ ഐഡിയ എന്നിവര്‍ മാത്രമാണ് 2ജി നെറ്റ്‌വര്‍ക്കുകള്‍ നല്‍കുന്നത്.