രാജ്യത്തെ ടെലികോം വിപണിയില്‍ മല്‍സരം ശക്തമാകുകയാണ്. ടെലികോം റെഗുലേറ്റര്‍ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പുതിയ വരിക്കാരെ സ്വന്തമാക്കുന്നതില്‍ ജിയോയെ പിന്നിലാക്കി എയര്‍ടെല്‍ മുന്നിലെത്തി. സെപ്റ്റംബറിലെ വരിക്കാരുടെ എണ്ണത്തിലാണ് എയര്‍ടെല്‍ മുന്നിലെത്തിയത്. നാലു വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് എയര്‍ടെല്‍ മുന്നിലെത്തുന്നത്.
മൊത്തം വരിക്കാരുടെ എണ്ണത്തില്‍ ജിയോ തന്നെയാണ് മുന്നിലെങ്കിലും സെപ്റ്റംബറില്‍ പുതിയ വരിക്കാരെ സ്വന്തമാക്കുന്നതില്‍ എയര്‍ടെല്‍ മുന്നേറ്റം നടത്തുകയായിരുന്നു. സെപ്റ്റംബറില്‍ ഭാരതി എയര്‍ടെല്‍ 38 ലക്ഷത്തിലധികം പുതിയ വരിക്കാരെ സ്വന്തമാക്കിയപ്പോള്‍ ജിയോ നേടിയത് 15 ലക്ഷത്തിലേറെ വരിക്കാരെയാണ്.
അതേസമയം, വോഡഫോണ്‍ ഐഡിയക്ക് 35 ലക്ഷം വരിക്കാരെ നഷ്ടപ്പെടുകയും ചെയ്തു. സെപ്റ്റംബറില്‍ ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണവും വര്‍ധിച്ചു 95 ലക്ഷത്തിലെത്തി. ഭാരതി എയര്‍ടെല്ലിന് 70 ലക്ഷത്തിലധികം വരിക്കാരും റിലയന്‍സ് ജിയോക്ക് 17 ലക്ഷത്തിലധികം ബ്രോഡ്ബാന്‍ഡ് വരിക്കാരുമുണ്ട്. സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം ജിയോക്ക് 40.6 കോടി വരിക്കാരുണ്ട്. എയര്‍ടെലിന് 29.4 കോടിയും വോഡഫോണ്‍ ഐഡിയക്ക് 27.2 കോടി വരിക്കാരുമുണ്ട്.
വരും മാസങ്ങളിലെ കണക്കുകളും ജിയോയ്ക്ക് ദോഷമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. കുത്തക കമ്പനിയായ റിലയന്‍സിന്റെ ജിയോ കണക്ഷനുകള്‍ ഉപേക്ഷിക്കണമെന്ന് കര്‍ഷകര്‍ ആഹ്വാനം ചെയ്തിരുന്നു. കര്‍ഷകര്‍ ജിയോ കണക്ഷനുകള്‍ ഉപേക്ഷിക്കാന്‍ തുടങ്ങിയതോടെ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് ജിയോ കരുതുന്നത്. മൊത്തം വരിക്കാരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം എന്ന പദവി നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് ജിയോ.