X
    Categories: indiaNews

സ്മാര്‍ട്ട് ഫോണ്‍ വിപണി കൈയിലാക്കാന്‍ ജിയോ; പത്തു കോടി ഫോണുകള്‍ ഇറക്കും

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ സ്മാര്‍ട് ഫോണ്‍ വിപണിയും പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളാണ് ഇപ്പോള്‍ ആസൂത്രണം ചെയ്യുന്നത്. ഇതിനായി ലോകത്തെ മുന്‍നിര ടെക് കമ്പനികളെല്ലാം ജിയോയില്‍ നിക്ഷേപം നടത്തി കഴിഞ്ഞു. ഗൂഗിളും ഫെയ്‌സ്ബുക്കും ക്വാല്‍കമും മറ്റു ടെക് കമ്പനികളെല്ലാം ഇപ്പോള്‍ ജിയോയുടെ കൂടി ഭാഗമാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ജിയോ പത്ത് കോടി വിലകുറഞ്ഞ 4ജി ഫോണുകള്‍ ഉടന്‍ തന്നെ വിതരണം ചെയ്യുമെന്നാണ്.

ബണ്ടില്‍ ചെയ്ത ഡേറ്റയുള്ള വിലകുറഞ്ഞ 4 ജി സ്മാര്‍ട് ഫോണുകളാണ് അവതരിപ്പിക്കുക. ഡിസംബറോടെ തന്നെ 10 കോടി ഫോണുകള്‍ പുറത്തിറക്കിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന വിലകുറഞ്ഞ സ്മാര്‍ട് ഫോണുകളുടെ നിര്‍മാണം ഔട്ട്‌സോഴ്‌സ് ചെയ്യാന്‍ റിലയന്‍സ് ജിയോ ശ്രമിക്കുന്നുണ്ടെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

താങ്ങാനാവുന്ന വിലയില്‍ സ്മാര്‍ട് ഫോണുകള്‍ ഡേറ്റാ പാക്കുകളുമായി കൂട്ടിച്ചേര്‍ക്കും. ജിയോയ്ക്ക് ഡിസംബറിലോ അടുത്ത വര്‍ഷം ആദ്യത്തിലോ ഈ ഫോണുകള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടുതല്‍ ഇന്ത്യക്കാരിലേക്ക് സ്മാര്‍ട് ഫോണുകളില്‍ എത്തിക്കാന്‍ സഹായിക്കുന്നതിന് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്കും പ്ലേ സ്റ്റോറിലേക്കും ഒപ്റ്റിമൈസേഷനുകളുള്ള എന്‍ട്രി ലെവല്‍, വില കുറഞ്ഞ 4ജി, 5ജി സ്മാര്‍ട് ഫോണ്‍ സംയുക്തമായി വികസിപ്പിക്കുന്നതിനായി റിലയന്‍സ് ജിയോയും ഗൂഗിളും അടുത്തിടെ വാണിജ്യ കരാറിലെത്തിയിരുന്നു.

ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള കമ്പനിയായ റിലയന്‍സ് ജൂലൈയില്‍ ആല്‍ഫബെറ്റിന്റെ ഗൂഗിള്‍ ഡിജിറ്റല്‍ യൂണിറ്റില്‍ 4.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് അറിയിച്ചിരുന്നു. വിലകുറഞ്ഞ 4ജി, 5ജി സ്മാര്‍ട് ഫോണുകള്‍ അവതരിപ്പിക്കാന്‍ ഗൂഗിളും റിലയന്‍സ് ജിയോയും ചേര്‍ന്നാല്‍ ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ വന്‍ സംഭവമാകും. ഇതോടെ നിലവില്‍ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ 80 ശതമാനവും നിയന്ത്രിക്കുന്ന ചൈനീസ് ബ്രാന്‍ഡുകളുടെ ആധിപത്യം തകര്‍ക്കാനും കഴിയുമെന്നാണ് വിശകലന വിദഗ്ധര്‍ പറയുന്നത്.

ഗൂഗിള്‍–ജിയോ പങ്കാളിത്തം സ്മാര്‍ട് ഫോണ്‍ വിപണിയില്‍ വന്‍ ചലനം സൃഷ്ടിച്ചേക്കും. ബഹുജന വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ചൈനീസ് ബ്രാന്‍ഡുകളെ ഈ നീക്കം നേരിട്ട് ബാധിക്കും. ചൈനീസ് കമ്പനികളുടെ വിഹിതത്തില്‍ നല്ലൊരു ഭാഗം പിടിച്ചെടുക്കാനും സാധിക്കും. ഗൂഗിളിനു പുറമെ ക്വാല്‍കോമിന്റെ ജിയോയിലെ സമീപകാല നിക്ഷേപവും ഫോണ്‍ നിര്‍മാണത്തിനു ശക്തിപകരും.

 

web desk 1: