ന്യൂഡല്‍ഹി: മുഹമ്മദലി ജിന്നയാണ് രാജ്യത്തെ വിഭജിച്ചതെന്നും അതിനാല്‍ അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി യൂണിയന്‍ ഹാളില്‍ സ്ഥാപിച്ചിട്ടുള്ള ജിന്നയുടെ ചിത്രം നീക്കംചെയ്യണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയെ വിഭജിച്ച ജിന്നയുടെ നേട്ടങ്ങളെ എങ്ങനെയാണ് ആഘോഷിക്കാന്‍ കഴിയുകയെന്നും അത്തരമൊരു ചോദ്യത്തിന് തന്നെ പ്രസക്തിയില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
80 വര്‍ഷമായി അലിഗഡ് യൂണിവേഴ്‌സിറ്റിയിലുള്ള ചിത്രം നീക്കം ചെയ്യണമെന്ന് ഹിന്ദു യുവ വാഹിനി അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെടുമ്പോഴാണ് യോഗി നിലപാട് വ്യക്തമാക്കിയത്.
ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് കാമ്പസില്‍ നടന്ന സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ഉത്തര്‍പ്രദേശിലെ ബിജെപി മന്ത്രി സ്വാമി പ്രസാദ് മൗര്യ ജിന്നയെ മഹത്വവത്ക്കരിച്ച് രംഗത്തുവന്നിരുന്നു. കഴിഞ്ഞദിവസമുണ്ടായ സംഘര്‍ഷത്തില്‍ 41 പേര്‍ക്കാണ് പരിക്കേറ്റത്. 28 വിദ്യാര്‍ത്ഥികള്‍ക്കും 13 പൊലീസുകാര്‍ക്കുമാണ് പരിക്കേറ്റത്.
എ.ബി.വി.പിയുടെയും ഹിന്ദു യുവവാഹിനിയുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് അക്രമസക്തമായിരു ന്നു. ഇവരെ എതിര്‍ത്ത് മറ്റ് വിദ്യാര്‍ഥികള്‍ രംഗത്തുവന്നതോടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് സര്‍വകലാശാലയില്‍ ദ്രുതകര്‍മസേനയെ വിന്യസിച്ചിരിക്കുകയാണ്. ജിന്ന അലിഗഢ് സര്‍വശകലാശാലയുടെ സ്ഥാപകകരിലൊരാളാണെന്നും അദ്ദേഹത്തിന് വിദ്യാര്‍ത്ഥി യൂണിയനില്‍ ആജീവനാന്ത അംഗത്വം നല്‍കിയിട്ടുണ്ടെന്നുമാണ് സര്‍വകലാശാല വിശദീകരണം.