x
ബീജിങ്: ചൈനയെ വിഭജിക്കാനുള്ള ഏത് നീക്കവും നിശ്ചമായും പരാജയപ്പെടുമെന്ന് പ്രസിഡന്റ് ഷി ജിന്‍പിങ്. ആജീവനാന്ത പ്രസിഡന്റായി സ്ഥാനമുറപ്പിച്ച അദ്ദേഹം വാര്‍ഷിക പാര്‍ലമെന്റ് സമ്മേളത്തിനൊടുവില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. ഏകാധിപതിയുടെ സ്വരത്തില്‍ പ്രകോപനങ്ങള്‍ നിറഞ്ഞതും മറ്റു രാജ്യങ്ങളെ വെല്ലുവിളിക്കുന്നതുമായിരുന്നു ജിന്‍പിങ്ങിന്റെ വാക്കുകള്‍.
ചൈനയുടെ ഒരിഞ്ച് ഭൂമി പോലും ആര്‍ക്കും വിട്ടുകൊടുക്കില്ല. ലോകരാജ്യങ്ങള്‍ക്കിടയില്‍ പ്രഥമ സ്ഥാനം ലഭിക്കാന്‍ രക്തരൂഷിത യുദ്ധത്തിനുപോലും ചൈന തയാറാണ്. ആധുനിക കാലം മുതല്‍ തന്നെ രാജ്യത്തിന്റെ പുതുക്കല്‍ നമ്മുടെ വലിയ സ്വപ്‌നമാണ്. ചൈനയിലെ ജനങ്ങളും ഭരണകൂടരും നിശ്ചയദാര്‍ഢ്യമുള്ളവരാണ്. അത് തട്ടിയെടുക്കാന്‍ ആരെയും സമ്മതിക്കില്ല.
രാജ്യത്തെ വിഭജിക്കാനുള്ള ഏത് പ്രവൃത്തിയും നിശ്ചയമായും പരാജയപ്പെടും അതിന് ചരിത്രം തീര്‍പ്പാക്കും. നമ്മുടെ ശത്രുക്കള്‍ക്ക് കയ്‌പേറിയ അവസാനം കുറിക്കാന്‍ പര്യാപ്തമായ ചോരചിന്തുന്ന പോരാട്ട വീര്യം നമുക്കുണ്ട്-ജിന്‍പിങ് പറഞ്ഞു. അയല്‍രാജ്യങ്ങളുമായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കത്തെപ്പറ്റി അദ്ദേഹം നേരിട്ട് പരാമര്‍ശമൊന്നും നടത്തിയില്ല. ചൈനയുടെ വികസന പദ്ധതികള്‍ മറ്റു രാജ്യങ്ങള്‍ക്ക് ഒരിക്കലും ഭീഷണിയാകില്ലെന്ന് ജിന്‍പിങ് കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ വികസനത്തിനുവേണ്ടി പരമാധികാരം പ്രയോഗിക്കാന്‍ ചൈന തയാറല്ല. മറ്റുള്ളവരെ ഭീഷണിപ്പെടുത്തി ശീലമുള്ളവരാണ് എല്ലാവരെയും ഭീഷണിയായി കാണുന്നതെന്ന് അമേരിക്കയെ പേരെടുത്ത് പറയാതെ അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാണ് ചൈനയെ നയിക്കാനുള്ള പരമാധികാരമുള്ളത്.
സോഷ്യലിസത്തിനു മാത്രമേ ചൈനയെ രക്ഷിക്കാനാവൂ എന്നും ഇതുവരെ തെളിയിക്കപ്പെട്ടതാണ്. തുടര്‍ന്നും അങ്ങനെ തന്നെ സംഭവിക്കും -ജിന്‍പിങ് അവകാശപ്പെട്ടു.
ഉന്നത യു.എസ് ഉദ്യോഗസ്ഥര്‍ക്ക് തായ്‌വാന്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയത്തെ അദ്ദേഹം എതിര്‍ത്തു. ഒരൊറ്റ ചൈന വാദത്തെ ബീജിങ് എന്തു വിലകൊടുത്തും സംരക്ഷിക്കും. തായ്‌വാന്‍ എന്ന സ്വയം ഭരണാധികാര ദ്വീപിനെ തങ്ങളുടെ അധീനതയില്‍പ്പെട്ട മേഖലയായാണ് ചൈന പരിഗണിക്കുന്നത്. ഒരു കൂടിച്ചേരലിനായി ചൈന ഒരുങ്ങുകയാണ്.
രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷാനടപടികളാണ് കാത്തിരിക്കുന്നതെന്ന് ജിന്‍പിങ് മുന്നറിയിപ്പ് നല്‍കി. ലോകത്തിനു മുന്നില്‍ അര്‍ഹമായ സ്ഥാനം ലഭിക്കാനുള്ള എല്ലാ സന്നാഹങ്ങളും ചൈനയുടെ പക്കലുണ്ട്. 170 വര്‍ഷമായി അതിനുവേണ്ടി പോരാടുന്നു. ചൈനീസ് ജനത ആ സ്വപ്‌നത്തോട് ഏകദേശം അടുത്തിരിക്കുന്നു-അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റിന്റെ വാര്‍ഷിക സമ്മേളനത്തിന് ശേഷമുള്ള പതിവ് വാര്‍ത്താ സമ്മേളനം ഇത്തവണ ഉണ്ടായിരുന്നില്ല. പകരം ജിന്‍പിങ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാണ് ചെയ്തത്.