അബുദാബി: കേരള സോഷ്യൽ സെൻ്റർ അബുദാബി സംഘടിക്കപ്പിക്കുന്ന ഇരുപത്തിനാലാമത് കെ. എസ് സി. – എൽ. എൽ. എച്ച് ജിമ്മി ജോർജ്ജ് സ്മാരക അന്താരാഷ്ട്ര റമദാൻ വോളിബോൾ ടൂർണമെൻ്റിന് തുടക്കമായി.
ലിവ ഇൻ്റർനാഷണൽ സ്കൂൾ ഇൻഡോർ ഓഡിറ്റോറിയത്തിൽ ബുർജീൽ ഹോൾഡിങ്ങ്സ് ചെയർമാൻ ഡോ. ഷംസീൽ വയലിൽ ഉദ്ഘാടനം ചെയ്തു. കേരള സോഷ്യൽ സെൻറർ പ്രസിഡണ്ട് എ. കെ. ബീരാൻകുട്ടി, ജനൽ സെക്രട്ടറി കെ. സത്യൻ, കായിക വിഭാഗം സെക്രട്ടറി റഷീദ് അയിരൂർ, അസി. കായിക വിഭാഗം സെക്രട്ടറി സുഭാഷ് മാടിക്കടവ്, ടൂർണ്ണമെന്റ് കോർഡിനേറ്റർ ടി. എം. സലീം മറ്റ് മേനേജിംഗ് കമ്മറ്റി അംഗങ്ങൾ, വിവിധ പ്രവാസി സംഘടന പ്രതിനിധികൾ, സ്പോൺസർമാർ മറ്റു വിശിഷ്ട അതിഥികൾ ചടങ്ങിൽ സംബന്ധിച്ചു. ശക്തി തിയ്യറ്റേഴ്സ് അബുദാബിയുടെ വാദ്യ സംഘത്തിന്റെ ചെണ്ടമേളത്തോടെയാണ് ഉദ്ഘാടന പരിപാടികൾക്ക് തുടക്കമായത്.
തുടർന്ന് കെ.എസ്.സി കലാവിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഇന്തോ-അറബ് ബന്ധം കലയിലൂടെ ഉറപ്പു വരുത്ത രീതിയിൽഗഫൂർ വടകര ചിട്ടപ്പെടുത്തിയ നൃത്ത വിരുന്ന് ശ്രദ്ധേയമായി.
ബുർജീൽ ഹോൾഡിങ്ങ്സ് എൽ.എൽ. എച്ച് ഹോസ്പിറ്റൽ ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ടൂർണമെന്റിലെ ആദ്യമൽസരം എൽ.എൽ.എച്ച് ഹോസ്പിറ്റൽ അബുദാബിയും, പാല സിക്സെസ് മദീനയും തമ്മിലായിരുന്നു. 25 – 22, 25 – 19 എന്നീ ക്രമത്തിൽ തുടർച്ചയായ രണ്ട് മത്സരത്തിലൂടെ എൽ എൽ എച്ച് ഹോസ്പിറ്റൽ പാല സിക്‌സസ് മദീനയെ പരാജയപ്പെടുത്തി.
രണ്ടാമത്തെ മത്സരത്തിൽ 25 – 23, 19 – 25, 15 – 13 എന്നീ ക്രമത്തിൽ നടന്ന മൂന്ന് സെറ്റ് മത്സരത്തിൽ ഓൺലി ഫ്രെഷ് ദുബായിയെ പരാജപ്പെടുത്തി ഒന്നിനെതിരെ രണ്ടു സെറ്റ് നേടികൊണ്ട് ലിറ്റിൽ സ്കൊളാർ ദുബായ് വെന്നിക്കൊടി നാട്ടി.
വിവിധ ടീമുകളെ പ്രതിനിധീകരിച്ച് വിവിധ രാജ്യങ്ങളിലെ ദേശീയ, അന്തർദേശീയ താരങ്ങൾ പങ്കെടുക്കുക്കുന്ന ടൂർണ്ണമെന്റിൽ വെള്ളിയാഴ്ച നടക്കുന്ന ആദ്യമത്സരം പാല സിക്സസ് മദീനയും ഖാൻ ഇന്റർനാഷലും, രണ്ടാമത്തെ മത്സരം ഒൺലി ഫ്രഷ് ദുബൈയും ശ്രീലങ്ക ഇന്റർ നാഷണലും തമ്മിലായിരിക്കും. ഫൈനൽ മത്സരം മാർച്ച് 31 ന് അബുദാബി അൽ ജസീറ സ്റേഡിയത്തിലായിരിക്കും അരങ്ങേറുക.