ഗുജറാത്ത് എം.എല്‍.എയും ദളിത് ന്യൂനപക്ഷാവകാശ പ്രവര്‍ത്തകനുമായ ജിഗ്‌നേഷ് മേവാനിക്ക് വധഭീഷണി. ഫോണ്‍ വഴി വധഭീഷണി ഉണ്ടായെന്ന് ജിഗ്നേഷ് തന്നെയാണ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.
7255932433 എന്ന ഫോണ്‍ നമ്പറില്‍ നിന്നും തന്റെ നമ്പറിലേക്ക് വന്ന കോളില്‍ തന്നെ വെടിവച്ചു വീഴ്ത്തുമെന്ന് ഭീഷണിയുണ്ടായതായാണ് മേവാനിയുടെ ട്വീറ്റ്. ജിഗ്നേഷിന്റെ നമ്പര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന സഹപ്രവര്‍ത്തകന്‍ കൗശിക് പാര്‍മറിനാണ് കോള്‍ ലഭിച്ചതെന്നും, കൗശിക് ഇപ്പോള്‍ തന്നെ വിളിച്ച് കാര്യം അറിയിച്ചുവെന്നും മേവാനി പറയുന്നു.
നേരത്തെ ഭിമാ കൊറേഗാവ് കലാപത്തിലെ പ്രതി മനോഹര്‍ ഭിഡെ കുറ്റവിമുക്തനായി നടക്കുകയാണെന്നും കേസില്‍ ദളിത് അവകാശ പ്രവര്‍ത്തകരായ സുധീര്‍ ധവാലെ, അഡ്വ. സുരേന്ദ്ര ഗാഡ്ലിങ്ങ്, റോണ വില്‍സണ്‍ എന്നിവരെ മാത്രമേ പൊലീസ് അറസ്റ്റ് ചെയ്തുള്ളുവെന്നും ജിഗ്‌നേഷ് ആരോപിച്ചിരുന്നു.
ജനുവരി ഒന്നിന് നടന്ന ഭിമ കൊറേഗാവ് കലാപത്തില്‍ ബന്ധമാരോപിച്ച് അഞ്ച് ദളിത് പ്രവര്‍ത്തകരെ മൂന്ന് വ്യത്യസ്ത നഗരങ്ങളില്‍ നിന്നും ഇന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്, ഇതില്‍ പ്രതിഷേധിച്ചായിരുന്നു ജിഗ്‌നേഷിന്റെ പ്രസ്താവന.
അറസ്റ്റ് ചെയ്ത അഞ്ച് പേര്‍ക്കും പൊലീസ് യു.എ.പി.എ ചുമത്തിയിട്ടുണ്ട്.