X

‘ദളിതര്‍ക്കുനേരെയുള്ള ആക്രമണങ്ങളില്‍ മോദി മൗനം വെടിയണം’; ജിഗ്നേഷ് മേവാനി

മുംബൈ: ദളിതര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം വെടിയണമെന്ന് ദളിത് നേതാവും എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനി. സമാധാനപരമായി പ്രതിഷേധിക്കാന്‍ ദളിതര്‍ക്ക് അവകാശമില്ലേയെന്നും മേവാനി ചോദിച്ചു. മഹാരാഷ്ട്രയിലെ പൂനെയില്‍ ദളിതര്‍ക്കുനേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മേവാനിയുടെ പ്രതികരണം.

ദളിതര്‍ക്കുനേരെ രാജ്യത്ത് എപ്പോള്‍ ആക്രമം നടന്നാലും മോദിക്ക് മൗനമാണ്. മഹാരാഷ്ട്രയിലെ ദളിത് പ്രശ്‌നത്തെക്കുറിച്ച് പ്രധാനമന്ത്രി എന്ത് കൊണ്ടാണ് പ്രതികരിക്കാത്തതെന്നും മേവാനി ചോദിച്ചു. ഈ രാജ്യത്ത് ജാതി വ്യവസ്ഥ ഇപ്പോഴുമുണ്ടോ എന്ന് അദ്ദേഹം വ്യക്തതമാക്കണം. ദലിതര്‍ ഇവിടെ സുരക്ഷിതരല്ല. ദളിതര്‍ക്കുനേരെയുള്ള ആക്രമണങ്ങളില്‍ പ്രധാനമന്ത്രി മൗനം വെടിഞ്ഞേ പറ്റൂവെന്നും മേവാനി പറഞ്ഞു.

ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി സര്‍ക്കാര്‍ തന്നെ ടാര്‍ഗറ്റ് ചെയ്യുകയാണ്. തന്റെ പ്രസംഗത്തിലെ ഒരു വാക്ക് പോലും അപകീര്‍ത്തിപരമായിരുന്നില്ല. ഒരു എം.എല്‍.എയും അഭിഭാഷകനുമായ താന്‍ പോലും വേട്ടയാടപ്പെടുന്നുവെങ്കില്‍ രാജ്യത്തെ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. പൂനെയില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് കാണിച്ച് മേവാനിക്കെതിരെയും ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ഖാലിദിനുമെതിരേയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

chandrika: