X

ഗുജറാത്ത് സര്‍വ്വകലാശാലയിലെ പ്രക്ഷോഭം; ജിഗ്നേഷ് മേവാനിയെ ജയിലലടച്ചു

ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നടന്ന സമരത്തില്‍ ജിഗ്‌നേഷ് മേവാനി

അശ്‌റഫ് തൂണേരി

അഹ്മദാബാദ്: ഗുജറാത്ത് സര്‍വ്വകലാശാല കാമ്പസില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭം സംഘടിപ്പിച്ച രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് (ആര്‍ ഡി എ എം) കണ്‍വീനര്‍ ജിഗ്‌നേഷ് മവാനിയെ അഹ്മദാബാദ് പൊലീസ് ജയിലലടച്ചു. മാര്‍ഗ്ഗ തടസ്സമുണ്ടാക്കുന്നു, ആളുകള്‍ക്കെതിരെ അപായമുണ്ടാക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയവയുള്‍പ്പെടുന്ന സെക്ഷന്‍ 188 വകുപ്പു ചേര്‍ത്ത് ആറു മാസം വരെ തടവു ലഭിക്കാവുന്ന കേസാണ് ജിഗ്നേഷ് മേവാനിക്കെതിരെ ചാര്‍ജ്ജ് ചെയ്തതെന്ന് കേസില്‍ സഹായിക്കുന്ന സംഷാദ് ഖാന്‍ പതാന്‍ പറഞ്ഞു.

മേവാനിക്കൊപ്പം ഗുജറാത്ത് സര്‍വ്വകലാശാലക്ക് കീഴിലെ നിയമ വകുപ്പ് വിദ്യാര്‍ത്ഥിയും ദളിത് സമരത്തിലെ മുന്‍നിരക്കാരനുമായ സുബോദ് പര്‍മാര്‍, രാഗേഷ് മെഹരിയ്യ, ദീക്ഷിത് പര്‍മാര്‍ എന്നിവരെയും അഹ്മദാബാദ് സെന്‍്ട്രല്‍ ജയിലലടച്ചിട്ടുണ്ട്. ഗുജറാത്ത് സര്‍വ്വകലാലയുടെ നിയമ വകുപ്പിന്റെ ബ്‌ളോക്കിന് ഭരണഘടനാ ശില്‍പ്പിയും നിയമ വിദഗ്ദ്ധനുമായ ഡോ. അംബേദ്കറിന്റെ പേരു നല്‍കുക, ജെ എന്‍ യു വിദ്യാര്‍ത്ഥി നജീബ് അഹ്മദിന്റെ തിരോധാനം കണ്ടെത്താന്‍ അധികാരികളോട് സമ്മര്‍ദ്ദം ചെലുത്തുക, ദളിതര്‍ക്കെതിരെ വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ നടക്കുന്ന ചൂഷണം അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങള്‍.

സര്‍വ്വകലാശാല ടവറിന് മുമ്പില്‍ നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥി നേതാക്കളടങ്ങിയ സമര പ്രതിനിധികള്‍ വൈസ് ചാന്‍സലര്‍, രജിസ്റ്റാര്‍ തുടങ്ങിയവരുമായി സംസാരിക്കണമെന്ന ആവശ്യമുന്നയിച്ചിരുന്നു. പക്ഷെ ഇത് ഒരു നിലക്കും അനുവദിക്കില്ലെന്ന തരത്തില്‍ നിരസിച്ചതോടെ സമരാംഗങ്ങള്‍ തൊട്ടടുത്ത റോഡിലൂടെ മുദ്രാവാക്യം വിളികളുമായി വിജയ്ചാരസ്ത റൗണ്ടെബോട്ടിലേക്ക് നീങ്ങുകയായിരുന്നു. റോഡില്‍ കുത്തിയിരിപ്പു സമരം ആരംഭിച്ചതോടെ ഗതാഗത തടസ്സം നേരിട്ടു. പൊലീസ് വാഹന വ്യൂഹം വന്ന് സമരാംഗങ്ങളെ വളഞ്ഞ് ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

തികച്ചും സമാധാനപരമായി നടത്തിയ സമരത്തെ അടിച്ചമര്‍ത്താനും നേതാക്കള്‍ക്കെതിരെ കള്ളക്കേസ് ചുമത്താനുമാണ് പൊലീസും അധികാരി വര്‍ഗ്ഗവും ശ്രമിക്കുന്നതെന്നും ഇന്ത്യയില്‍ പലേടത്തും പ്രതിഷേധത്തിനെതിരെ ഫാഷിസ്റ്റ് രീതിയാണെന്നും രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് (ആര്‍ ഡി എ എം) നേതാവ് പര്‍വീന്‍ മിശ്ര ‘ചന്ദ്രിക’യോട് പറഞ്ഞു. സമരം സാധാരണ നടക്കാറുള്ളതാണ്. മന്ത്രിമാര്‍ക്കുള്‍പ്പെടെ മണിക്കൂറുകള്‍ പൊതുഗതാഗതം തടസ്സപ്പെടുത്തുന്ന പൊലീസ് തന്നെ ഒരു സമര ഭാഗമായി കുറഞ്ഞ സമയം ഗതാഗതം തടസ്സപ്പെട്ടാല്‍ ചാര്‍ത്തുന്ന വകുപ്പ് ദളിതര്‍ക്കെതിരെയുള്ള മറ്റൊരു അനീതിയാണ്. ദളിത് പ്രക്ഷോഭവും മുന്നേറ്റവും സംഘടിപ്പിക്കുന്നതിന്റെ പക കേസ് ചാര്‍ജ്ജ് ചെയ്ത് തീര്‍ക്കുകയാണെന്നും മിശ്ര ആരോപിച്ചു.

chandrika: