ന്യൂഡല്‍ഹി: അധികാരത്തില്‍ നിന്ന് ബി.ജെ.പിയെ താഴെയിറക്കാന്‍ പ്രതിപക്ഷ ഐക്യത്തിന് പിന്തുണയുമായി ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി. ബി.ജെ.പിക്കെതിരെയുള്ള യുദ്ധത്തിന്റെ ആദ്യഭാഗമായി മേവാനി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജിയുമായി കൂടിക്കാഴ്ച്ച നടത്തി. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന് ബി.ജെ.പിക്കെതിരെ പോരാടണമെന്ന് മേവാനി ആവശ്യപ്പെട്ടു.
രാജ്യത്ത് മോദിയുടെ കീഴില്‍ നടപ്പാക്കപ്പെടുന്നത് ഫാസിസ്റ്റ് ഭരണമാണ്. ഇതിനെതിരെ
പ്രതിപക്ഷകക്ഷികളൊന്നിച്ച് നിന്ന് പോരാടണമെന്ന് കൂടിക്കാഴ്ച്ചക്ക് ശേഷം മേവാനി പറഞ്ഞു.
നേരത്തെ, വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടുന്നതിന് പ്രതിപക്ഷ നിരയില്‍ അഭിപ്രായ ഐക്യത്തില്‍ എത്തിയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര എന്നിവടങ്ങളില്‍ ബി.ജെ.പിക്കെതിരായി നിര്‍ണായകമായ ഇടപെടല്‍ നടത്താന്‍ പ്രതിപക്ഷ ഐക്യത്തിന് സാധിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
ലോക്‌സഭയില്‍ 80 അംഗങ്ങളുള്ള യു.പിയില്‍ സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി എന്നിവയുമായി ധാരണയിലെത്തിയതായിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ സീറ്റ് പങ്കുവെക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ് എന്നിവടങ്ങളിലും പ്രതിപക്ഷ കക്ഷികളുമായി ചേര്‍ന്ന് നേട്ടമുണ്ടാക്കാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും സമാന മനസ്‌കരുമായി സഖ്യത്തിലെത്തുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നീക്കം നടന്നുവരികയാണെന്നാണ് റിപ്പോര്‍ട്ട്. പരമാവധി പ്രതിപക്ഷ കക്ഷികളെ അണിനിരത്തിക്കൊണ്ട് മോദിയെയും ബി.ജെ.പിയെയും നേരിടുക എന്നതാണ് കോണ്‍ഗ്രസ് ആദ്യ ഘട്ടത്തിലുള്ള ലക്ഷ്യം. നേതൃത്വനിരയിലേക്ക് ആര് എന്ന പ്രശ്‌നം രണ്ടാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പു ഫലം കൂടി കണക്കിലെടുത്ത് പരിഹരിക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നതെന്നാണ് റിപ്പോര്‍ട്ട്.