X

സമസ്തയുടെ നിലപാട് പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല, വ്യക്തികളുടെ അഭിപ്രായങ്ങള്‍ സമസ്തയുടെ പേരില്‍ ചാര്‍ത്തരുത് ; ജിഫ്രി തങ്ങള്‍

കോഴിക്കോട്: സമസ്തയുടെ നിലപാട് പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സമസ്തയുടെ പേര് രാഷ്ട്രീയ വിവാദങ്ങളിലേക്ക് കൊണ്ടുപോകാന്‍ ആരെയും അനുവദിക്കില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്തയുടെ പരമാധികാര ബോഡി സമസ്ത മുശാവറയാണ്. സമസ്തയുടെ അഭിപ്രായങ്ങളും നിലപാടുകളും പ്രസിഡന്റോ ജനറല്‍ സെക്രട്ടറിയോ അറിയിക്കും. മാധ്യമങ്ങള്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുത്.

വ്യക്തികള്‍ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ സമസ്തയുടെ പേരില്‍ റിപ്പോര്‍ട്ട് ചെയ്യെപ്പെടരുതെന്ന് മാധ്യമ സ്ഥാപനങ്ങളോട് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. സമസ്ത ഒരു മത സംഘടനയാണ്. രാഷ്ട്രീയ കാര്യങ്ങളില്‍ സമസ്ത ഇടപെടാറില്ല. വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സമസ്തയിലുണ്ട്. ഏതെങ്കിലും ഒരു വ്യക്തി നടത്തുന്ന അഭിപ്രായം സമസ്തയുടേതാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ചീമേനി ചാനടുക്കത്ത് എസ്‌കെഎസ്എസ്എഫ് പതാക ഉയര്‍ത്തുന്നത് തടഞ്ഞ് നേതാക്കളെ ആക്രമിച്ച ഡിവൈഎഫ്‌ഐ ഗുണ്ടായിസത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. സംസ്ഥാന വ്യാപകമായി നടക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി ചാനടുക്കം ശാഖയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയാണ് ഡിവൈഎഫ്‌ഐ ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണന്‍, എസ്എസ്എഫ് നേതാവ് റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ അലങ്കോലപ്പെടുത്തിയത്.

പരിപാടിയുടെ ഭാഗമായി ഉയര്‍ത്തിയ പതാക ബലം പ്രയോഗിച്ച് അഴിപ്പിക്കുകയും പ്രമേയപ്രഭാഷണം നടത്തുകയായിരുന്ന ചീമേനി ടൗണ്‍ ഖതീബും എസ്എംഎഫ് സംസ്ഥാന സമിതിയംഗവുമായ ജാബിര്‍ ഹുദവി, എസ്‌കെഎസ്എസ്എഫ് ജില്ലാ സഹചാരി കോഡിനേറ്റര്‍ റാഷിദ് ഫൈസി, ശാഖാ ഭാരവാഹികളായ ഫിറോസ് ഇര്‍ഷാദി, റാസിഖ് ഇര്‍ഷാദി,ആശിഖ്, മുബശിര്‍ ഇരശാദി, മുഹമ്മദലി എന്നിവരെ കയ്യേറ്റം ചെയ്യുകയും ചെയ്തു.

ചാനടുക്കം ടൗണില്‍ സ്ഥാപിച്ച പതാകമരം തുടര്‍ച്ചയായി നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പൊലിസ് ഇടപെട്ടു സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇരുട്ടിന്റെ മറവില്‍ പലപ്പോഴായി പതാകയും കൊടിമരവും സാമൂഹ്യ ദ്രോഹികള്‍ പിഴുതെറിഞ്ഞിരുന്നു. രണ്ട് ദിവസം മുമ്പെയും ഇതാവര്‍ത്തിച്ചിരുന്നു.

പതാക ഉയര്‍ത്തുന്നത് തടഞ്ഞ ഡിവൈഎഫ്‌ഐ നടപടിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. മുഖ്യമന്ത്രിയുടെ മുസ്‌ലിം വിരുദ്ധ പ്രസ്താവനക്കെതിരെ പ്രതികരിച്ചതിന് സമസ്തയ്‌ക്കെതിരെ പി.ജയരാജന്‍ വര്‍ഗീയ ആരോപണം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്ന അക്രമം. പതാക ഉയര്‍ത്തുന്നത് തടഞ്ഞ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ എസ്‌കെഎസ്എസ്എഫ് പൊലീസില്‍ പരാതി നല്‍കി.

 

 

Test User: