മുറാസില്‍
റിയാദ് : കവര്‍ച്ച ശ്രമത്തിനിടെ കുത്തേറ്റ് മരണപ്പെട്ട മലപ്പുറം കോട്ടക്കല്‍ വലിയപറമ്പ് സ്വദേശി നമ്പിയേടത്ത് കുഞ്ഞലവി എന്ന ഉണ്ണീന്റെ (45 ) കൊലയാളി പിടിയിലായതായി സൂചന. സഹപ്രവര്‍ത്തകനായ ഈജിപ്ഷ്യന്‍ പൗരനാണ് ജിദ്ദ പോലീസിന്റെ പിടിയിലായതെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട് . ചൊവ്വാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ ദാരുണമായ സംഭവം നടന്നത്. രാവിലെ പത്ത് മണിയോടെ അല്‍ സാമിര്‍ ഭാഗത്ത് വെച്ചാണ് കുഞ്ഞലവിയും ഈജിപ്തുകാരനും സഞ്ചരിച്ച കാറില്‍ വെച്ച് കുഞ്ഞലവിയുടെ കൈവശമുണ്ടായിരുന്ന എണ്‍പതിനായിരത്തോളം റിയാല്‍ കമ്പനി വക പണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് സഊദിയിലെ മലയാളികളെ ഞെട്ടിച്ച കൊലപാതകം നടന്നത്.
ജിദ്ദയിലെ അല്‍ മംലക എന്ന സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഇരുവരും. തട്ടിയെടുത്ത പണവുമായി ജിദ്ദ വിമാനത്താവളം വഴി രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായതെന്നാണ് വിവരം. മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് ഇയാള്‍ കാര്യങ്ങള്‍ നീക്കിയതെന്നാണ് നിഗമനം. നേരത്തെ കവര്‍ച്ചക്കാരുടെ കുത്തേറ്റാണ് കുഞ്ഞലവി മരിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. ശാസ്ത്രീയമായ അന്വേഷണം നടത്തിയ ജിദ്ദ പോലീസ് 24 മണിക്കൂറിനകം പിടികൂടിയെങ്കിലും ഇക്കാര്യം ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. ജിദ്ദയില്‍ പതിനഞ്ച് വര്‍ഷത്തോളമായി ജോലി ചെയ്യുന്ന ഇദ്ദേഹം ഈ കമ്പനിയില്‍ ഡ്രൈവറാണ് . ഭാര്യയും രണ്ട് പുത്രന്മാരുമുണ്ട്. നിയമപരമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജിദ്ദ കെഎംസിസി വെല്‍ഫയര്‍ വിഭാഗം ചെയര്‍മാന്‍ മുഹമ്മദ് കുട്ടി പാണ്ടിക്കാട് രംഗത്തുണ്ട് .