ജിദ്ദ: ജിദ്ദയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചുപോയ പ്രവാസികള്‍ക്ക് പ്രതിമാസം ആയിരം രൂപ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ച് കെഎംസിസി ജിദ്ദ കമ്മിറ്റി. സുരക്ഷാ പദ്ധതിയില്‍ 2015 മുതല്‍ സ്ഥിരാംഗമാവുകയും നിലവില്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയവരുമായ 60 വയസ് പൂര്‍ത്തിയായവര്‍ക്കാണ് പദ്ധതി. 2021 ജനുവരി മുതല്‍ പെന്‍ഷന്‍ നല്‍കിത്തുടങ്ങും. നിലവിലെ കാരുണ്യ ഹസ്തം കുടുംബ സുരക്ഷ പദ്ധതി വിജയകരമായ 11 വര്‍ഷം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി പ്രഖ്യാപനം.
പദ്ധതിയില്‍ പുതുതായി അംഗത്വമെടുക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പെന്‍ഷന്‍ ലഭിക്കും. 2021ലെ പുതിയ വര്‍ഷ പദ്ധതിയുടെ പ്രീമിയം 50 റിയാലും പെന്‍ഷന്‍ വിഹിതമായി 10 റിയാലുമായിരിക്കും ഫീസ്. പെന്‍ഷന് അര്‍ഹരായവര്‍ക്ക് കുടുംബ സുരക്ഷ പദ്ധതി ആനുകൂല്യങ്ങള്‍ കൂടി ലഭിക്കണമെന്നുണ്ടെങ്കില്‍ തുടര്‍ന്ന് നാട്ടില്‍ നിന്നും 2021 മുതല്‍ അംഗത്വം തുടരേണ്ടതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
11 വര്‍ഷത്തിനിടെ ഒരു ലക്ഷത്തിലധികം പേര്‍ക്ക് ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നേരിട്ട് കുടുംബ സുരക്ഷ പരിരക്ഷ നല്‍കി. സൗദി നാഷനല്‍, ജിദ്ദ സെന്‍ട്രല്‍, മറ്റു ജില്ല കമ്മിറ്റികളുടെ വിവിധ പദ്ധതികളിലായി കഴിഞ്ഞ കാലങ്ങളില്‍ ജിദ്ദയില്‍ മാത്രം രണ്ട് ലക്ഷം പ്രവാസികള്‍ക്ക് കുടുംബ സുരക്ഷ പദ്ധതി പരിരക്ഷ ഉറപ്പ് വരുത്താന്‍ കെ.എം.സി.സിക്കായി.
ഇത്തരത്തില്‍ മൂന്ന് കമ്മിറ്റിക്ക് കീഴിലായി സുരക്ഷാപദ്ധതികളില്‍ തുടര്‍ച്ചയായി അംഗമാകുന്ന ജിദ്ദയിലെ ഒരു പ്രവാസിയുടെ കുടുംബത്തിന് മരണാനന്തര ആനുകൂല്യമായി 20 ലക്ഷം രൂപയാണ് 2021 മുതല്‍ ലഭിക്കുക.
പദ്ധതി കാമ്പയിന്‍ കാലയളവില്‍ ജിദ്ദ കെ.എം.സി.സിയുടെ ഏരിയ, പഞ്ചായത്ത്, മണ്ഡലം, ജില്ലാ കമ്മിറ്റികള്‍ മുഖേന വിതരണം ചെയ്യുന്ന അപേക്ഷാ ഫോറം വഴിയോ, WWW.KMCCJEDDAH.ORG, / WWW.KMCCONLINE.INFO എന്നീ വെബ്‌സൈറ്റുകള്‍ വഴിയോ സുരക്ഷാ, പെന്‍ഷന്‍ പദ്ധതിയില്‍ അംഗത്വം എടുക്കാവുന്നതാണ്.
ഭാരവാഹികളായ അഹമ്മദ് പാളയാട്ട്, അബൂബക്കര്‍ അരിമ്പ്ര, നിസാം മമ്പാട്, വി.പി. മുസ്തഫ, റസാഖ് മാസ്റ്റര്‍, ഇസ്ഹാഖ് പൂണ്ടോളി, അബ്ദുല്ല പാലേരി, സി.സി. കരീം, നാസര്‍ മച്ചിങ്ങല്‍, എ.കെ. ബാവ പങ്കെടുത്തു.