X

ഝാര്‍ഖണ്ഡ് കൂട്ടക്കൊലപാതകം; എം.പിമാരായ കുഞ്ഞാലിക്കുട്ടിയും പ്രേമചന്ദ്രനും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി: ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടിയും എന്‍.കെ പ്രേമചന്ദ്രനും ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ലോക്‌സഭ ഇത്തവണ സമ്മേളിച്ചപ്പോള്‍ ആദ്യ സ്വകാര്യബില്‍ അവതരിപ്പിച്ചത് പ്രേമചന്ദ്രനായിരുന്നു. ശബരിമല വിഷയത്തിലായിരുന്നു ബില്‍. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അടിയന്തര പ്രമേയ നോട്ടീസും നല്‍കിയിരിക്കുന്നത്. ഝാര്‍ഖണ്ഡിലെ ഖര്‍സ്വാന്‍ ജില്ലയില്‍ ജൂണ്‍ 18നാണ് തബ്രെസ് അന്‍സാരിയെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത്.

അതിനിടെ, ഝാര്‍ഖണ്ഡ് കൂട്ടക്കൊലപാതകത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എം.പിയുമായ രാഹുല്‍ഗാന്ധിയും രംഗത്തെത്തി. സംഭവത്തിലെ കേന്ദ്രത്തിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും മൗനം തന്നെ ഞെട്ടിക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം.

കൊലപാതകം മനുഷ്യത്വത്തിനേറ്റ കളങ്കമാണ്. അധികാരികളുടെ നിശബ്ദത തന്നെ ഞെട്ടിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. മരണാസന്നനായ യുവാവിനെ നാല് ദിവസം കസ്റ്റഡിയില്‍ വെച്ചെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

chandrika: