X
    Categories: indiaNews

ഗര്‍ഭിണിയായ ഭാര്യയെയും കൊണ്ട് സ്‌കൂട്ടറില്‍ യുവാവ് സഞ്ചരിച്ചത് 1200 കിലോമീറ്റര്‍; പോയത് പരീക്ഷയ്ക്ക്

ഭോപ്പാല്‍: ഗര്‍ഭിണിയായ ഭാര്യയെ പിന്നിലിരുത്തി യുവാവ് സഞ്ചരിച്ചത് 1200 കിലോമീറ്റര്‍. ഭാര്യയ്ക്ക് അധ്യാപക യോഗ്യതാ പരീക്ഷയില്‍ പങ്കെടുക്കാനായാണ് ആദിവാസി ദമ്പതിമാരായ ധനഞ്ജയ് കുമാറും (27) ഭാര്യ സോണി ഹെബ്രാമും (22) ജാര്‍ഖണ്ഡില്‍ നിന്ന് മധ്യപ്രദേശിലെത്തിയത്.

ജാര്‍ഖണ്ഡിലെ ഗോഡ്ഡ ജില്ലയില്‍നിന്നാണ് ഇരുവരും 1200 കിലോമീറ്റര്‍ സഞ്ചരിച്ച് സോണിയുടെ ഡിഎഡ് പരീക്ഷാ കേന്ദ്രമായ മധ്യപ്രദേശിലെ ഗ്വാളിയോറിലെത്തിയത്. ഭാര്യ ഒരു അധ്യാപികയായി കാണണമെന്ന ആഗ്രഹമാണ് നാല് സംസ്ഥാനങ്ങളിലൂടെ ഇത്രയും ദൂരം യാത്ര ചെയ്യാന്‍ ധനഞ്ജയ് കുമാറിനെ പ്രേരിപ്പിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ക്കൊപ്പം മോശം റോഡുകളും മോശം കാലാവസ്ഥയുമൊന്നും ധനഞ്ജയുടെ യാത്രക്ക് തടസമായില്ല.

ട്രെയിന്‍, ബസ്, മറ്റ് ഗതാഗത മാര്‍ഗങ്ങള്‍ എന്നിവ ലഭ്യമല്ലാത്തതിനാല്‍ സ്വന്തം ഇരുചക്രവാഹനത്തില്‍ റോഡ് മാര്‍ഗം യാത്ര ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ധനഞ്ജയ് കുമാര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. യാത്രയ്ക്കായി ടാക്‌സി വിളിച്ചിരുന്നെങ്കില്‍ 30,000 രൂപ ചെലവാകുമായിരുന്നുവെന്നും തങ്ങള്‍ക്ക് അതൊരു വലിയ തുകയാണെന്നും കുമാര്‍ പറഞ്ഞു.

ആഭരണം വിറ്റാണ് യാത്രയ്ക്ക് ആവശ്യമുള്ള 10,000 രൂപ ദമ്പതിമാര്‍ സമാഹരിച്ചത്. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്കും മുറി വാടകയ്ക്കുമായി 5000 രൂപ ചെലവായി. ഓഗസ്റ്റ് 28ന് ജാര്‍ഖണ്ഡില്‍ നിന്ന് യാത്ര ആരംഭിച്ച ദമ്പതിമാര്‍ മുസാഫര്‍പുര്‍ (ബീഹാര്‍), ലഖ്‌നൗ (യുപി) എന്നിവിടങ്ങളില്‍ ഓരോ ദിവസം വീതം തങ്ങിയാണ് ഗ്വാളിയോറിലെത്തിയത്.

മഴയെത്തുടര്‍ന്ന് വളരെയധികം പ്രശ്‌നങ്ങള്‍ നേരിട്ടുവെന്ന് സോണി ഹെംബ്രാം പറഞ്ഞു. യാത്രക്കിടയില്‍ പനി വന്നിരുന്നു. പക്ഷേ ഇപ്പോള്‍ എല്ലാം ശരിയായി. അധ്യാപന ജോലിക്ക് അപേക്ഷിക്കുമെന്നും തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പുണ്ടെന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Test User: