മകന്റെ വിവാഹ സത്കാരത്തില്‍ ‘നിരോധിത മാംസം’ വിളമ്പിയെന്നാരോപിച്ച് മുസ്‌ലിം മധ്യവയസ്‌ക്കനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു. അമ്പതുകാരനായ ജുമ്മാന്‍ മിയാനാണ് മകന്റെ വിവാഹപിറ്റേന്ന് മര്‍ദനമേറ്റത്. ജാര്‍ഖണ്ഡിലെ കോദര്‍മ ജില്ലയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മിയാനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വിവാഹം നടന്നതിനു പിറ്റേദിവസം വീടിന്റെ പിറകുവശത്തെ പാടത്ത് കുളമ്പും എല്ലും കണ്ടെത്തിയെന്നാരോപിച്ചാണ് ആക്രമണം. വീട്ടിലേക്ക് അതിക്രമിച്ചു കടന്ന അക്രമിസംഘം ഗൃഹനാഥനെ ക്രൂരമായി അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗ്രാമത്തിലെ മറ്റ് വീടുകള്‍ക്കു നേരെയും ആക്രമണം നടന്നു. വീടുകള്‍ക്ക് പുറത്ത് നിര്‍ത്തിയിട്ട നിരവധി വാഹനങ്ങളും അക്രമിസംഘം അടിച്ചു തകര്‍ത്തു.
ആക്രമണവുമായി ബന്ധപ്പെട്ട് ഏഴു പേരെ അറസ്റ്റു ചെയ്തതായി പൊലീസ് മേധാവി ശിവാനി തിവാരി പറഞ്ഞു.
സംഘര്‍ഷ സാധ്യത പരിഗണിച്ച് പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു. സമൂഹമാധ്യമങ്ങള്‍ വഴി സംഘര്‍ഷത്തിന് ആഹ്വാനം ചെയ്യുന്നത് തടയാന്‍ ശക്തമായ നടപടി സ്വകരിച്ചതായും തിവാരി പറഞ്ഞു. നിരോധിതമാംസമാണോ വിളമ്പിയതെന്ന് കണ്ടെത്താന്‍ സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനക്കയച്ചതായും പൊലീസ് പറഞ്ഞു.