X

ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ടക്കൊല: അക്തര്‍ അന്‍സാരിയുടെ കുടുംബത്തിന് സാന്ത്വനമായി മുസ്‌ലിം ലീഗ് നേതാക്കള്‍

മോഷ്ടാവെന്നാരോപിച്ച് ആൾക്കൂട്ട കൊലപാതകത്തിനിരയായ ജാർഖണ്ഡിലെ കാങ്കെ ജില്ലയിലെ കാട്ടുംകുളി ഗ്രാമത്തിലെ അക്തർ അൻസാരിയുടെ കുടുംബത്തിന് ആശ്വാസമായി മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി, ദേശീയ അസി: സെക്രട്ടറി സി കെ സുബൈർ എന്നിവരുടെ നേതൃത്വത്തിലുള്ള മുസ്ലിം ലീഗ് പ്രതിനിധി സംഘം. ഇക്കഴിഞ്ഞ ജൂലൈ 7 ന് ആടിനെ മോഷ്ടിച്ചു എന്ന ആരോപണത്തിന്റെ പേരിൽ ക്രൂരമായി കൊല്ലപ്പെട്ട 35 കാരനായ അക്തർ അൻസാരിയുടെ വീട്ടിലാണ് മുസ്ലിം ലീഗ് സംഘം എത്തിയത്. ആൾക്കൂട്ട ഭീകരർ അനാഥമാക്കിയ ദരിദ്ര കുടുംബത്തിന് പിന്തുണയുമായെത്തിയ നേതാക്കളെ കാണാൻ നിരവധി ആളുകളാണ് തടിച്ച് കൂടിയത്. കുടുംബത്തോടും നാട്ടുകാരോടും വിശദമായി സംസാരിച്ച് വിവരങ്ങൾ ശേഖരിച്ച നേതാക്കൾ നീതി ലഭിക്കാൻ കൂടെയുണ്ടാകും എന്ന ഉറപ്പ് നൽകിയാണ് മടങ്ങിയത്.

നാല് പിഞ്ചുകുഞ്ഞുങ്ങളും ഭാര്യയും അടങ്ങുന്ന കുടുംബം താമസിക്കുന്നത് ഒറ്റമുറി വീട്ടിലാണ്. അക്തർ അൻസാരി ആടുകളെ കച്ചവടം ചെയ്ത് ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമായിരുന്നു ഏക ആശ്രയം. സ്‌കൂൾ വിദ്യാർത്ഥികളായ അയാൻ അൻസാരി, അർമാൻ അൻസാരി, ആഷിയ പർവീൺ, അലി അൻസാരി എന്നിങ്ങനെ നാല് മക്കൾക്ക് വിശപ്പടക്കാനും വിദ്യാഭ്യാസം കൊടുക്കാനും രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്ത അക്തർ ക്രൂരമായി കൊല്ലപ്പെട്ടതോടെ മുന്നോട്ട് ജീവിക്കാനുള്ള എല്ലാ പ്രതീക്ഷകളും അസ്തമിച്ച അവസ്ഥയിലാണ് കുടുംബം. കുടുംബത്തിനാവശ്യമായ അടിയന്തര ധനസഹായം കൈമാറിയിട്ടാണ് മുസ്‌ലിംലീഗ് നേതൃ സംഘം മടങ്ങിയത്. കുടുംബത്തിന്റെ പുനരധിവാസത്തിനും മക്കളുടെ വിദ്യാഭ്യാസ ചെലവിനും വേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃത്യമായ അന്വേഷണം ഉറപ്പാക്കണമെന്ന് ജാർഖണ്ഡ് സർക്കാരിനോട് ആവശ്യപ്പെടും. അക്തർ അൻസാരിയുടെ അനാഥ കുടുംബത്തെ മുസ്ലിം ലീഗ് പാർട്ടി ചേർത്ത് പിടിക്കുമെന്നും നീതി ലഭ്യമാക്കാനാവശ്യമായ എല്ലാ നിയമ സഹായങ്ങളും പിന്തുണയും പാർട്ടി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എം എസ് എഫ് ദേശീയ സെക്രട്ടറി ഷഹബാസ് ഹുസൈൻ, മുസ്ലിം ലീഗ് ജാർഖണ്ഡ് സംസ്ഥാന ജനറൽ സെക്രട്ടറി ഫസൽ ഇമാം, ട്രഷറർ തബ്‌റേസ് അഹമ്മദ്, വൈ: പ്രസിഡണ്ട് അബ്ദുൾ ഖയ്യൂം, വനിതാ ലീഗ് കൺവീനർ ഷഹസാദി ഖാതൂൻ, എം എസ് എഫ് റാഞ്ചി ജില്ലാ പ്രസിഡണ്ട് ആഷിഖ് അൻസാരി ഷമീം അൻസാരി എന്നിവരും അനുഗമിച്ചു.

webdesk14: