ന്യുഡല്‍ഹി: ദീപാവലി ദിനത്തില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് ഹെല്‍മെറ്റ് ധരിക്കാതെ സ്‌കൂട്ടറില്‍ സഞ്ചരിച്ചത് വിവാദമാകുന്നു. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ജംഷഡ്പൂരിലാണ് സംഭവം. മണിക്കൂറുകളോളം രഘുബര്‍ ദാസ് അനുയായികളോടൊപ്പം ഹെല്‍മെറ്റില്ലാതെ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. സംഭവം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടാണ് പലരും വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
ജനങ്ങളെ നേരിട്ടുകണ്ട് ദീപാവലി ആശംസ നേരാനായിരുന്നു മുഖ്യമന്ത്രിയുടെ സ്‌കൂട്ടര്‍യാത്ര. അനുയായികള്‍ക്കൊപ്പം മണിക്കൂറുകളോളം ഹെല്‍മെറ്റില്ലാതെ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതാണ് മുഖ്യമന്ത്രിക്ക് വിനയായത്.
മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍ അടുത്തിടെ വ്യാപക പ്രചാരണം നടത്തിയിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. എന്നാല്‍, ആരോപണങ്ങള്‍ ബി.ജെ.പി നിഷേധിച്ചു. മാധ്യമങ്ങള്‍ കാര്യങ്ങളെ ശരിയായ രീതിയില്‍ കാണണമെന്നും റോഡില്‍ വാഹനങ്ങളുടെ തിരക്കില്ലാത്ത സമയത്താണ് മുഖ്യമന്ത്രി ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്തതെന്നുമാണ് ബി.ജെ.പി നേതാക്കളുടെ വിശദീകരണം.