X

ജാര്‍ഖണ്ഡില്‍ പോപുലര്‍ ഫ്രണ്ടിന് നിരോധനം; പ്രതിഷേധവുമായി എഴുത്തുകാര്‍

കോഴിക്കോട്: ജാര്‍ഖണ്ഡിലെ പോപുലര്‍ ഫ്രണ്ട് നിരോധനത്തിനെതിരെ ഒരു വിഭാഗം കേരള എഴുത്തുകാര്‍ രംഗത്ത്. ഒരു പതിറ്റാണ്ടിലേറെയായി രാജ്യത്ത് വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചുവരുന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം നിരോധിച്ച ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും ക്രിമിനല്‍ ഭേദഗതി നിയമത്തെ ദുരുപയോഗം ചെയ്ത് പിന്‍വാതിലിലൂടെ നിയമവ്യവസ്ഥയെ ദുര്‍ബലപ്പെടുത്താനാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു.

പോപുലര്‍ ഫ്രണ്ടിനെതിരായ നിരോധനം പിന്‍വലിക്കണമെന്ന് പ്രഫ. കെ സച്ചിദാനന്ദന്‍, കെ ഇ എന്‍ കുഞ്ഞമ്മദ്, ഒ അബ്ദുല്ല, അപ്പുകുട്ടന്‍ വള്ളിക്കുന്ന്, എന്‍ പി ചെക്കുട്ടി, ഡോ. ജെ ദേവിക, കെ കെ കൊച്ച്, ജമാല്‍ കൊച്ചങ്ങാടി, എ വാസു, എ സജീവന്‍, ഗോപാല്‍ മേനോന്‍, കെ കെ ബാബുരാജ്, രൂപേഷ് കുമാര്‍, എ എസ് അജിത്കുമാര്‍, വി ആര്‍ അനൂപ്, ഡോ. വര്‍ഷാബഷീര്‍, എ എ വഹാബ്, ഡോ. ധന്യാ മാധവ്, വി പ്രഭാകരന്‍, റെനി ഐലിന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

ഇസ്ലാമിക് സ്‌റ്റേറ്റുമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ജാര്‍ഖണ്ഡ് ബിജെപി സര്‍ക്കാര്‍ സംഘടനക്ക് നിരോധനമേര്‍പ്പെടുത്തിയത്. ക്രിമിനല്‍ നിയമ ഭേദഗതി ആക്ട് 1908 പ്രകാരം പോപുലര്‍ ഫ്രണ്ടിെന നിരോധിക്കാന്‍ ആഭ്യന്തര വകുപ്പ് ശിപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സര്‍ക്കാര്‍ പ്രസ്താവയിറക്കിയത്.

പാകൂര്‍ ജില്ലയില്‍ പോപുലര്‍ ഫ്രണ്ട് വളരെ സജീവമാണ്. കേരളത്തില്‍ രൂപീകരിച്ച പോപുലര്‍ ഫ്രണ്ട് ഐ.എസിന്റെ ആശയങ്ങളില്‍ സ്വാധീനിക്കപ്പെട്ട സംഘടനയാണെന്നാണ് ജാര്‍ഖണ്ഡ് ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ടിലുള്ളത്. ചില പി.എഫ്.ഐ പ്രവര്‍ത്തകര്‍ ഐ.എസിന് വേണ്ടി പ്രവര്‍ത്തിക്കുകയും സിറിയയിലേക്ക് പോകുകയും ചെയ്തിട്ടുണ്ടെന്ന് ബി.ജെ.പി സര്‍ക്കാര്‍ ആരോപിക്കുന്നു.

chandrika: