റാഞ്ചി: ഝാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ടിനെ സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചു. ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന ഭീകര സംഘടനയുടെ സ്വാധീനത്തില്‍ പ്രവര്‍ത്തകര്‍ അകപ്പെട്ടെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാറിന്റെ നടപടി.
കേരളത്തില്‍ നിന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ആകൃഷ്ടരായി സിറിയയില്‍ പോയി എന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി ആവശ്യപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ഥാപക ദിനാഘോഷ പരിപാടികളുടെ പോസ്റ്ററുകള്‍ നീക്കം ചെയ്ത പൊലീസ് ഇവിടെ രണ്ട് ദിവസം റൂട്ട് മാര്‍ച്ചും നടത്തിയിരുന്നു. ഝാര്‍ഖണ്ഡിലെ പകുര്‍ ജില്ല പോപ്പുലര്‍ ഫ്രണ്ടിന് ഏറെ സ്വാധീനമുളള പ്രദേശമാണ്.
കസ്റ്റഡി മര്‍ദ്ദനത്തിനെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കഴിഞ്ഞ ജൂലൈയില്‍ ജില്ല പൊലീസ് സൂപ്രണ്ടിനെതിരെ പകൂര്‍ ജില്ല മജിസ്‌ട്രേറ്റിനെ സമീപിച്ചിരുന്നു.
നേരത്തെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പി.എഫ്.ഐ) നിരോധിക്കാന്‍ കേരളം ആവശ്യപ്പൈട്ടന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവന വിലയ വാര്‍ത്തയായിരുന്നു. എന്നാല്‍ അത് വാസ്തവവിരുദ്ധമാണെന്ന നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്തെത്തുകയായിരുന്നു. ജനുവരിയില്‍ മധ്യപ്രദേശില്‍ ചേര്‍ന്ന ഡി.ജി.പിമാരുടെ യോഗത്തില്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളം സമ്മര്‍ദം ചെലുത്തിയെന്നും ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്നും ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തില്‍ റിജിജുവിനെ ഉദ്ധരിച്ചായിരുന്നു വാര്‍ത്ത വന്നത്. കേരളത്തിലെ നാല് കേസുകള്‍ ചൂണ്ടിക്കാട്ടി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ ആവശ്യപ്പൈട്ടന്നാണ് വാര്‍ത്തയിലുണ്ടായിരുന്നത് എന്നാല്‍ ഇക്കാര്യം ഡി.ജി.പിയും നിഷേധിക്കുകയായിരുന്നു.