ബോസ്റ്റന്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍. എഫ്. കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ടുള്ള രഹസ്യരേഖകളുടെ അവസാഭാഗത്തിനായി ലോകം കാത്തിരിക്കുന്നു. അരനൂറ്റാണ്ടിലേറെ കാലത്തെ നിഗൂഢത കാത്തുവച്ചിരിക്കുന്ന രേഖകളെല്ലാം 26നു പുറത്തുവിടുമെന്ന് ട്രംപ് ശനിയാഴ്ച ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. നാഷണല്‍ ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിരിക്കുന്ന മൊത്തം രേഖകള്‍ ഏകദേശം അഞ്ചു ലക്ഷത്തിലേറെ പേജുണ്ട്.ടെക്‌സസിലെ ഡാലസില്‍ 1963 നവംബര്‍ 22ന് ഉച്ചയ്ക്കു 12.30നാണ് ലീ ഹാര്‍വി ഓസ്വാള്‍ഡ് എന്നയാളുടെ വെടിയേറ്റ് കെന്നഡി കൊല്ലപ്പെടുന്നത്.
ഇരുപത്തിനാലുകാരനായ ഓസ്വാള്‍ഡ് സംഭവസ്ഥലത്തിനു സമീപമുള്ള ഒരു കെട്ടിടത്തിലെ ആറാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ബുക്ക് ഡിപ്പോയിലെ ജോലിക്കാരനായിരുന്നു. ആ കെട്ടിടത്തില്‍ നിന്നാണു കെന്നഡിയുടെ നേരെ വെടിവച്ചത്. ഓസ്വാള്‍ഡിനെ ജാക്ക് റൂബി എന്ന നിശാക്ലബ് ഉടമ വെടിവച്ചു കൊലപ്പെടുത്തുകയും ചെയ്തിരുന്നു. പൊലീസ് അറസ്റ്റു ചെയ്തു കൊണ്ടുപോകവെയാണ് ഓസ്വാള്‍ഡ് കൊല്ലപ്പെട്ടത്. എല്ലാവരും നോക്കിനില്‍ക്കെയായിരുന്നു കൊലപാതകം.
സാധാരണക്കാരനായ ഓസ്വാള്‍ഡ് എന്തിനാണ് കെന്നഡിയെ കൊലപ്പെടുത്തുന്നത് എന്നതായിരുന്നു അന്നുയര്‍ന്ന പ്രധാന ചോദ്യം. സംഭവത്തിനു തൊട്ടുപിന്നാലെ ഓസ്വാള്‍ഡ് കൊല്ലപ്പെട്ടതും ചര്‍ച്ചയായിരുന്നു. ജാക്ക്‌റൂബി പിന്നീട് ജയിലില്‍ വച്ചു കാന്‍സര്‍ ബാധിച്ചു മരിച്ചു.