ഇസ്രാഈല്‍ രാഷ്ട്രം ദൈവത്തിനെതിരായ കലാപമാണ്, അത് വിജയിക്കില്ല. അത് എത്രയും വേഗമോ അല്ലെങ്കില്‍ പിന്നീടോ അവസാനിക്കും, തീര്‍ച്ചയായും ഒരു ദിവസം അവസാനിക്കും. 75 വര്‍ഷമായിട്ടും അതിന് സമാധാനം കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല’-ഓര്‍ത്തഡോക്‌സ് ജൂത പണ്ഡിതനായ റബ്ബി എല്‍ഹാനന്‍ ബെക്കിന്റേതാണ് ഈ വാക്കുകള്‍. സയണിസ്റ്റ് വിരുദ്ധരായ നെറ്റൂറി കര്‍ത്ത എന്ന പ്രസ്ഥാനത്തിന്റെ തലവനാണ് ഇദ്ദേഹം.
ഇസ്രാഈലാണ് ഇന്ന് ജൂതന്‍മാര്‍ക്കുള്ള ഏറ്റവും അപകടരമായ സ്ഥലമെന്ന് എല്‍ഹാനന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ‘ഞാന്‍ 36 വര്‍ഷമായി ഇംഗ്ലണ്ടില്‍ താമസിക്കുന്നു. ഒരു ഇംഗ്ലീഷ് സൈനികന്‍ എങ്ങനെയിരിക്കുമെന്ന് എനിക്കറിയില്ല. ഞാന്‍ അവരെ ഇതുവരെ കണ്ടിട്ടില്ല, അവരുടെ യൂനിഫോം എങ്ങനെയാണെന്ന് അറിയില്ല. ഇത് സുരക്ഷിതത്വത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. ഇന്ന് ഇംഗ്ലണ്ടിലും അമേരിക്കയിലുമെല്ലാം ജൂതന്‍മാര്‍ മികച്ച ജീവിതമാണ് നയിക്കുന്നത്.
സയണിസം ജൂത വിശ്വാസങ്ങള്‍ക്ക് എതിരാണ്. സയണിസം എന്ന ആശയത്തിന്റെ ആവിര്‍ഭാവം മുതല്‍ തന്നെ ഓര്‍ത്തഡോക്‌സ് ജൂതന്മാര്‍ ഇസ്രാഈലിന്റെ രൂപീകരണത്തിന് എതിരായിരുന്നു’ -എല്‍ഹാനന്‍ ബെക്ക് വ്യക്തമാക്കുന്നു. ‘ദൈവത്തെ അവിശ്വസിച്ചാണ് സയണിസം കെട്ടിപ്പടുത്തിയിട്ടുള്ളത്.
എന്നാല്‍, ജൂതായിസം ദൈവ വിശ്വാസത്താല്‍ കെട്ടിപ്പടുത്തിയതാണ്. കഴിഞ്ഞ 75 വര്‍ഷത്തിനിടെ പല രാജ്യങ്ങളും പുതുതായി വന്നു. അവരെല്ലാം ഇന്ന് സമാധാനത്തിലാണ് കഴിയുന്നത്. ഈ ലോകത്ത് ഒരു ദിവസം പോലും സമാധാനമില്ലാത്ത രാജ്യം ഇസ്രായേല്‍ മാത്രമാണ്.
സയണിസ്റ്റുകള്‍ എപ്പോഴും പറയുന്നത് മുസ്‌ലിംകള്‍ ജൂതന്‍മാരെ കൊല്ലാന്‍ ശ്രമിക്കുകയാണെന്നാണ്. എല്ലാ ജൂതന്മാരെയും കടലില്‍ എറിയാനാണ് മുസ്ലീങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ പറയുന്നു.
എന്നാല്‍, ഇത് തീര്‍ത്തും തെറ്റാണ്. മുസ്‌ലിം രാജ്യങ്ങളില്‍ നമുക്ക് സുവര്‍ണ ജീവിതമാണുള്ളതെന്ന് അല്‍പ്പം ചരിത്രമറിയുന്ന എല്ലാവര്‍ക്കും അറിയാം. ലോകത്ത് പലയിടത്തും നമ്മള്‍ പീഡിപ്പിക്കപ്പെട്ടു. മുസ്ലീങ്ങള്‍ നമുക്ക് രക്ഷകരായി. അവര്‍ താമസിക്കാന്‍ സുവര്‍ണ ഇടം നല്‍കി’-എല്‍ഹാനന്‍ ബെക്ക് ചൂണ്ടിക്കാട്ടി.
’75 വര്‍ഷമായി അവര്‍ ഫലസ്തീനികളെ കൊല്ലാന്‍ തുടങ്ങിയിട്ട്. എന്നാല്‍, ഇപ്പോഴും മുസ്‌ലിം രാജ്യങ്ങളില്‍ ജൂതന്‍മാര്‍ സമാധാനത്തോടെ ജീവിക്കുന്നു. മൊറോക്കോയിലും ടുണീഷ്യയിലും അല്‍ജീരിയയിലും ഇറാനിലും തുര്‍ക്കിയിലും യെമനിലുമെല്ലാം ജൂതന്‍മാരുണ്ട്. അവര്‍ അവിടെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്’ -ബെക്ക് പറയുന്നു.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ബെക്ക് കുറ്റപ്പെടുത്തി. വംശഹത്യ നടത്തുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന ഒരാളെ ജൂതനായി കാണാനാകില്ല. വംശഹത്യയെ ന്യായീകരിക്കുന്നവര്‍ ജൂതനല്ല, നാസിയാണ്. ദൈവത്തിനെതിരെ കലാപം നടത്തുന്നവരുടെ തലവനാണ് നെതന്യാഹു.
ഈ യുദ്ധം ഒക്ടോബര്‍ 7ന് തുടങ്ങിയതല്ല. 1948 മേയ് 15ന് തന്നെ അത് ആരംഭിച്ചിട്ടുണ്ട്. ഇസ്രാഈല്‍ സമാധാനപരമായി ഇല്ലാതാകണമെന്നും ഫലസ്തീന്‍ സ്വതന്ത്രമാകണ?മെന്നും ബെക്ക് പറഞ്ഞു. ഫലസ്തീനില്‍ ഇസ്രാഈല്‍ നടത്തുന്ന അധിനിവേശത്തിനെതിരെ ശക്തമായി സംസാരിക്കുന്ന വിഭാഗമാണ് ഓര്‍ത്തഡോക്‌സ് ജൂതന്‍മാര്‍. ഇസ്രാഈല്‍ എന്ന രാജ്യം സമാധാനപരമായി തകര്‍ത്തുകളയണമെന്നാണ് ഇവരുടെ നിലപാട്.
സയണിസ്റ്റ് വിരുദ്ധരായ നെറ്റൂറി കര്‍ത്ത പ്രസ്ഥാനത്തിലെ അംഗങ്ങള്‍ ലണ്ടനില്‍ നടന്ന ഫലസ്തീന്‍ അനുകൂല പ്രകടനങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്നു. ഇതിന്റെ നേതാവാണ് എല്‍ഹാനന്‍ ബെക്ക്. 1938ല്‍ ജെറൂസലേമിലാണ് ഈ സംഘടന രൂപീകരിക്കുന്നത്.