X
    Categories: Video Stories

മുസ്ലിംകളെന്ന് ‘തെറ്റിദ്ധരിച്ച്’ അമേരിക്കയില്‍ ജൂതവംശജരായ അമ്മയ്ക്കും മകള്‍ക്കും മര്‍ദനം

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മുസ്ലിംകള്‍ക്കു നേരെ നടക്കുന്ന വംശീയ അക്രമത്തിനിരയായവരില്‍ ജൂത സ്ത്രീയും മകളും. ന്യൂയോര്‍ക്കിലെ ക്വീന്‍സ് സബ്‌വേ സ്‌റ്റേഷനിലാണ് ഓര്‍ത്തഡോക്‌സ് ജൂത മതവിശ്വാസികളായ അമ്മയെയും മകളെയും ഡിമിത്രിയോസ് സിയാസ് എന്ന 40-കാരന്‍ ക്രൂരമായി മര്‍ദിച്ചത്. ‘വൃത്തികെട്ട മുസ്ലിം… എന്റെ രാജ്യത്തു നിന്ന് പുറത്തുപോകൂ’ എന്നാക്രോശിച്ചായിരുന്നു ആക്രമണം.

സ്‌റ്റേഷനില്‍ നിന്ന് പുറത്തുകടക്കാനായി കോണിപ്പടി കയറവേയാണ് 57-കാരിയായ അമ്മയെ സിയാസ് പിന്നില്‍ നിന്ന് അക്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അക്രമ സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നു. അക്രമിയെ തടയാന്‍ 37-കാരിയായ മകള്‍ രംഗത്തെത്തിയതോടെ ഇയാള്‍ അവരെ മുഖത്തിടിച്ച് വീഴ്ത്തി. ജൂത വിശ്വാസപ്രകാരം ശിരോവസ്ത്രം ധരിച്ചതിനാലാണ് ഇവര്‍ മുസ്ലിംകളാണെന്ന് സിയാസ് തെറ്റിദ്ധരിച്ചത്.

സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ സിയാസിനു മേല്‍ വംശ വിദ്വേഷ കുറ്റം ചുമത്തിയിട്ടുണ്ട്. പിന്നീട് അരലക്ഷം ഡോളറിന്റെ ആള്‍ജാമ്യത്തില്‍ ഇയാളെ കോടതി വിട്ടയച്ചു. നേരത്തെ, ഒരു വസ്ത്ര സ്ഥാപനത്തില്‍ വെച്ച് ഒരു വനിതയുടെ വസ്ത്രത്തിനടിയിലൂടെ മൊബൈല്‍ ഫോണില്‍ ചിത്രമെടുക്കാന്‍ ശ്രമിച്ചതിന് സിയാസ് അറസ്റ്റിലായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: