ന്യൂഡല്‍ഹി: കമ്പനി കടുത്ത സാമ്പത്തിക്ക ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തില്‍ ചെലവുചുരുക്കല്‍ നടപടികളുമായി പൈലറ്റുമാര്‍ സഹകരിക്കാത്തതിനാല്‍ അടുത്ത അറുപത് ദിവസത്തിനുള്ളില്‍ സര്‍വീസ് നിര്‍ത്തിവെക്കേണ്ടി വരുമെന്ന് ജെറ്റ് എയര്‍വേയ്സ്. ശമ്പളം വെട്ടിക്കുറയ്ക്കുന്നത് അടക്കമുള്ള നടപടികള്‍ക്കെതിരെ പൈലറ്റുമാര്‍ നിലപാടെടുത്ത സാഹചര്യത്തിലാണ് ജെറ്റ് എയര്‍വേയ്സ് കമ്പനിയുടെ വെളിപ്പെടുത്തല്‍.
നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ കമ്പനിക്ക് 60 ദിവസം കൂടി മാത്രമേ മുന്നോട്ടുപോകാന്‍ സാധിക്കുള്ളു . ചെലവുചുരുക്കാനും വരുമാനം വര്‍ധിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി രണ്ടു വര്‍ഷത്തേക്ക് പൈലറ്റ് മാരുടെ ശമ്പളത്തില്‍ 15 ശതമാനം വെട്ടിക്കുറവ് വരുത്താനാണ് കമ്പനി മുന്നോട്ടുവെച്ച നിര്‍ദേശം. എന്നാല്‍ ഇക്കാര്യത്തില്‍ പെലറ്റുമാര്‍ സഹകരിക്കാത്തതാണ് കമ്പനിയെ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചിരിക്കുന്നത്.
ജൂനിയര്‍ പൈലറ്റുമാരുടെ ശമ്പളം 30-50 വെട്ടിക്കുറയ്ക്കുമെന്നാണ് കഴിഞ്ഞ വര്‍ഷം ജൂലായില്‍ ജെറ്റ് എയര്‍വേയ്സ് പ്രഖ്യാപിച്ചത്. വിഷയം സംബന്ധിച്ച് ജീവനക്കാരുമായി ചര്‍ച്ച നടത്തിയതായും ശമ്പളം കുറക്കുന്നതിനോട് താല്‍പര്യമില്ലാത്തവര്‍ക്ക് ജോലി രാജിവെക്കാമെന്നും ജെറ്റ് എയര്‍വേയ്സ് അധികൃതര്‍ അറിയിച്ചു.
വര്‍ധിച്ചുവരുന്ന ഇന്ധനവിലയും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും ഇന്ത്യയിലെ എയര്‍ലൈന്‍ കമ്പനികള്‍ക്ക് വലിയ നഷ്ടമുണ്ടാക്കിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.