ജറൂസലം: യേശുക്രിസ്തുവിന്റേതെന്ന് കരുതപ്പെടുന്ന കബറിടം ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്നു. ആതന്‍സിലെ സാങ്കേതിക സര്‍വകലാശാലയും നാഷണല്‍ ജിയോഗ്രഫിക് സൊസൈറ്റിയും ചേര്‍ന്ന് നടത്തുന്ന പര്യവേക്ഷണത്തിന് പ്രൊഫസര്‍ അന്റോണിയ മോറോപോലോയുടെ നേതൃത്വത്തിലുള്ള സംഘം നേതൃത്വം നല്‍കും. ജറൂസലമിലെ പുനരുത്ഥാന പള്ളിയിലാണ് കബറിടം സ്ഥിതിചെയ്യുന്നത്. ഗ്രീക്ക്് ഓര്‍ത്തഡോക്‌സ്, റോമന്‍ കത്തോലിക്ക, അര്‍മേനിയന്‍ അടക്കം ആറ് ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ നിയന്ത്രണത്തിലാണ് ഈ പള്ളി. ഇതില്‍ പ്രമുഖരായ മൂന്ന് വിഭാഗങ്ങളാണ് ആതന്‍സിലെ സാങ്കേതിക സര്‍വകലാശാലയെ പര്യവേക്ഷണത്തിന് ക്ഷണിച്ചത്.
കബറിടത്തിന്റെ ഉള്ളറ രഹസ്യങ്ങള്‍ സംഘം തെരയും. വിശ്വാസത്തിന്റെയും ആരാധനയുടെയും കേന്ദ്രമായി ഈ മേഖല എങ്ങനെ മാറിയെന്നതും പഠനത്തിന്റെ ഭാഗമാണ്. കല്ലറയുടെ മാര്‍ബിള്‍ ആവരണം സംഘം നീക്കി. അടുത്ത വര്‍ഷം ഗവേഷണം പൂര്‍ത്തിയാക്കി കല്ലറ പുതുക്കിപ്പണിയും. കല്ലറയുടെ രഹസ്യങ്ങള്‍ ചുരുളഴിക്കാന്‍ പഠനത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. അതില്‍ അടക്കംചെയ്തിരിക്കുന്ന വസ്തുക്കളുടെ അളവ് ഗവേഷക സംഘത്തെ അത്ഭുതപ്പെടുത്തി. ഉയര്‍ത്തെഴുന്നേല്‍പ്പിനും കുരിശുമരണത്തിനുംശേഷം യേശുവിനെ ഗുഹയിലടക്കിയെന്നും മൂന്നാം ദിവസം ശരീരത്തോടെ ഉയിര്‍ത്തെഴുന്നേറ്റുവെന്നുമാണ് ക്രിസ്തുമത വിശ്വാസം. 1326ല്‍ റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റയിന്റെ അമ്മ ഹെലേനയാണ് കബറിടം കണ്ടെത്തിയത്. തീ പിടിത്തത്തില്‍ നശിച്ച കബറിടം 1810ല്‍ പുനരുദ്ധരിക്കുകയായിരുന്നു. പര്യവേഷണദൃശ്യങ്ങള്‍ നാഷണല്‍ ജിയോഗ്രഫിക് ചാനല്‍ അടുത്തമാസം സംപ്രേഷണം ചെയ്യും. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനും വേള്‍ഡ് മൊണ്യൂമെന്റ്‌സ് ഫണ്ടും ഗവേഷണത്തിന് സഹായം നല്‍കുന്നുണ്ട്.