X
    Categories: CultureMoreViews

ജസ്‌നയുടെ തിരോധാനം: അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിക്കുന്നു

പത്തനംതിട്ട: ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് പരിശോധന അജ്ഞാത മൃതദേഹങ്ങളിലേക്ക്. കഴിഞ്ഞ മൂന്നുമാസത്തിനിടെ പലയിടങ്ങളിലായി കണ്ടെത്തിയ അജ്ഞാത മൃതദേഹങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. ജസ്‌ന കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ സഹായത്തോടെയാണ് പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നത്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ എന്നിവിടങ്ങളിലേയും ഒപ്പം മറ്റു സംസ്ഥാനങ്ങളിലേയും വിവരങ്ങള്‍ ശേഖരിക്കും. ആദ്യഘട്ടത്തില്‍ കേസ് അന്വേഷിച്ചവര്‍ കാര്യക്ഷമമായി അന്വേഷണം നടത്താത്തത് തെളിവുകള്‍ നഷ്ടപ്പെടാന്‍ കാരണമായെന്ന് വിമര്‍ശനം ശക്തമാണ്.

ജസ്‌നയുടെ ആണ്‍ സുഹൃത്തിനേയും അച്ഛനേയും പതിനഞ്ചിലേറെത്തവണ പൊലീസ് ചോദ്യം ചെയ്തു. ജസ്‌ന അവസാനം സന്ദേശമയച്ചത് ആണ്‍ സുഹൃത്തിനാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ജസ്‌ന അവസാനം വിളിച്ച കാഞ്ഞിരപ്പിള്ളി സ്വദേശിനിയായ സഹപാഠിയേയും പൊലീസ് വിശദമായി ചോദ്യം ചെയ്തു. ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് എല്ലാ സാധ്യതകളും പരിശോധിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസ് തീരുമാനം. അതിന്റെ ഭാഗമായാണ് മൃതദേഹങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: