X

പ്രതിഷേധം കത്തുന്നു; ഇസ്രാഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 200ലധികം ഫലസ്തീനികള്‍ക്ക് പരിക്ക്

വാഷിങ്ടണ്‍: അധിനിവിഷ്ട ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ് ഭരണകൂടത്തിന്റെ ഉത്തരവിനെതിരെ ലോക രാഷ്ട്രങ്ങളില്‍ പ്രതിഷേധം കത്തുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ഇതര മുസ്്‌ലിം രാഷ്ട്രങ്ങളിലും ഇന്നലെ യു.എസ് നീക്കത്തിനെതിരെ വ്യാപക പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. ഗസ്സയും വെസ്റ്റ്ബാങ്കും ഉള്‍പ്പെടെയുള്ള ഫലസ്തീനിയന്‍ നഗരങ്ങളിലും ജനക്കൂട്ടം പ്രതിഷേധവുമായി തെരുവിലിറങ്ങി. പ്രതിഷേധക്കാര്‍ക്കു നേരെ ഇസ്രാഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 200ലധികം ഫലസ്തീനികള്‍ക്ക് പരിക്കേറ്റു.

റാമല്ലയിലെ സെന്‍ട്രല്‍ അല്‍ മനാറ ചത്വരത്തില്‍ ഒരുമിച്ചു കൂടിയ ഫലസ്തീനികള്‍ ഇസ്രാഈല്‍ അതിര്‍ത്തിയായ അല്‍ബീറിലേക്ക് മാര്‍ച്ച് നടത്തി. ടിയര്‍ ഗ്യാസും റബ്ബര്‍ ബുള്ളറ്റുകളും ഉപയോഗിച്ചാണ് നിരായുധരായ ഫലസ്തീനി യുവാക്കളെ ഇസ്രാഈല്‍ സൈന്യം നേരിട്ടത്. പരിക്കേറ്റ 16 ഫലസ്തീനികളെ ആസ്പത്രിയിലേക്ക് മാറ്റി. റാമല്ലക്കും വെസ്റ്റ്ബാങ്കിനും പുറമെ ഹീബ്രോണ്‍, ജെനിന്‍, നെബുലസ്, തുല്‍കരീം, ജെറിച്ചോ പട്ടണങ്ങളിലും ജനം പ്രതിഷേധവുമായി തെരുവിലിറങ്ങി. ഗസ്സ മുനമ്പിലും കിഴക്കന്‍ ജറൂസലേമിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യ, പാകിസ്താന്‍, ഇന്തൊനേഷ്യ, ഈജിപ്ത്, മലേഷ്യ എന്നിവിടങ്ങളിലെല്ലാം ജനക്കൂട്ടം പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങി. വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാര ശേഷമാണ് പലയിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ വിമര്‍ശിച്ച് പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഉള്‍പ്പെടെയുള്ളവരും ലോകരാഷ്ട്ര നേതാക്കളും കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു.

മധ്യപൂര്‍വേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുന്നതാണ് യു.എസ് നീക്കമെന്ന് ഫ്രാന്‍സും ബ്രിട്ടനും ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ആരോപിച്ചു. ഫലസ്തീനികള്‍ക്കെതിരായ യുദ്ധപ്രഖ്യാപനമാണ് യു.എസ് നടത്തിയിരിക്കുന്നതെന്നായിരുന്നു ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ പ്രതികരണം.

chandrika: