X
    Categories: Views

ജറുസലം പ്രഖ്യാപന തിരിച്ചടി എതിര്‍ത്ത രാജ്യങ്ങള്‍ക്കെതിരെ വാളോങ്ങി യുഎസ്

 

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ ‘ഇസ്രാഈല്‍ തലസ്ഥാന പ്രഖ്യാപനത്തെ’ തള്ളി കൊണ്ടുള്ള യുഎന്‍ പ്രമേയത്തെ അനുകൂലിച്ച രാഷ്ട്രങ്ങള്‍ക്കെതിരെ യുഎസ്. ഐക്യരാഷ്ട്രസഭയുടെ നടപടിയെ പിന്‍തുണച്ച രാഷ്ട്രങ്ങള്‍ക്കെതിരെയാണ് യുഎസ് രംഗത്തെത്തിയത്. പിന്തുണച്ച രാജ്യങ്ങള്‍ക്കു നല്‍കുന്ന സാമ്പത്തിക സഹായം, നയതന്ത്ര ഇടപാടുകള്‍ എന്നിവയില്‍ നിന്നു പിന്മാറാണ് യുഎസിന്റെ അപ്രഖ്യാപിത തീരുമാനം.
പിന്തുണച്ച രാജ്യങ്ങളെ വിമര്‍ശിച്ച് ഡൊണാഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ജറുസലമിനെ ഈസ്രാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച യുഎസിന്റെ നടപടിയെ എതിര്‍ത്ത് യുഎന്നില്‍ വോട്ടു ചെയ്ത രാഷ്ട്രങ്ങള്‍ക്കെതിരെയാണ് യുഎസ് കണ്ണുരുട്ടിയത്. യുഎസിനെ എതിര്‍ത്ത് വോട്ടു ചെയ്ത രാഷ്ട്രങ്ങള്‍ക്കുള്ള ഫണ്ട് റദ്ദാക്കുമെന്ന് യുഎസ് സൂചന നല്‍കി. ‘ഐക്യ രാഷ്ട്രസഭയില്‍ യുഎസിനെതിരെ വോട്ട് രേഖപ്പെടുത്തിയവരില്‍ ഏറെയും വന്‍ സാമ്പത്തിക സഹായം യുഎസില്‍ നിന്നു നേടുന്നവരാണ്. ഞങ്ങള്‍ എല്ലാം വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്’. ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.
പ്രമേയം വോട്ടിങിനായി ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ ഈ ദിവസം നിങ്ങള്‍ ഓര്‍മിച്ചു കൊള്ളൂ എന്നാണ് യുഎസ് അംബാസിഡര്‍ നിക്കി ഹേലി സഭയില്‍ പറഞ്ഞത്. തങ്ങളുടെ എംബസി എവിടെ സ്ഥാപിക്കണമെന്നു മറ്റൊരു രാജ്യവും പറയേണ്ട. യുഎസ് അതിന്റെ പരമാധികാരം സംരക്ഷിക്കാന്‍ നിര്‍ബന്ധിതമാണ്. തീരുമാനത്തെ എതിര്‍ക്കുന്നവര്‍ക്ക് തങ്ങളുടെ സഹായം വെട്ടിക്കുറയ്ക്കുമെന്നും യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹേലി താക്കീത് നല്‍കി. യുഎസിനെതിരെയുള്ള നീക്കം അറിഞ്ഞ നിക്കി യുഎസിന്റെ എംബസി ജറുസലമില്‍ സ്ഥാപിക്കുമെന്നും സഭയില്‍ വ്യക്തമാക്കി. ലോകമെമ്പാടും ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം നടക്കവെയാണ് നിക്കിയുടെ പ്രസ്ഥാവന. ഇക്കാര്യത്തില്‍ മാറ്റം വരുത്താന്‍ യുഎസിനു മാത്രമേ കഴിയൂ. യുഎന്നിന്റെ ഒരു വോട്ടിങിനും അതിനു കഴിയില്ല. എങ്ങനെയാണ് ഓരോ രാജ്യങ്ങളും യുഎസിനെ യുഎന്നില്‍ താറടിച്ചു കാട്ടുന്നതെന്നു നോക്കി കാണുകയാണെന്നും നിക്കി വ്യക്തമാക്കി.

chandrika: