വാഷിങ്ടണ്‍: യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ തോറ്റ ഡൊണാള്‍ഡ് ട്രംപിന് ‘ജോലി വാഗ്ദാനവുമായി’ ഇസ്രയേലിലെ ജറൂസലേം മുനിസിപ്പാലിറ്റി. വൈറ്റ് ഹൗസ് വിടുന്നതില്‍ ആശങ്ക വേണ്ടെന്നും ഒരുപാട് ജോലി സാധ്യതകള്‍ മുമ്പിലുണ്ടെന്നും മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പറയുന്നു. ദ ജറൂസലേം പോസ്റ്റാണ് പോസ്റ്റ് വാര്‍ത്തയാക്കിയത്.
‘ഡൊണാള്‍ഡ് ജെ ട്രംപിന്റെ ശ്രദ്ധയ്ക്ക്. നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. നമ്മുടെ പുതിയ ജറൂസലേം തൊഴില്‍ സമിതി എല്ലാ ദിവസവും പുതിയ മൂല്യമുള്ള അവസരങ്ങള്‍ മുമ്പോട്ടു വയ്ക്കുന്നുണ്ട്. അത് നമ്മുടെ നഗരത്തെ മഹത്തരമാക്കും (യഥാര്‍ത്ഥത്തില്‍ അതെല്ലാ കാലത്തും അങ്ങനെ തന്നെയാണ്)’ – മുനിസിപ്പാലിറ്റി കുറിച്ചു. ഒരു തൊഴില്‍ ലിങ്കും പേജില്‍ പങ്കുവച്ചിട്ടുണ്ട്.
എന്നാല്‍ പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ ലിങ്ക് പേജില്‍ നിന്ന് നീക്കി. അശ്രദ്ധമായി പോസ്റ്റ് ചെയ്തതാണ് ഇതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ എന്താണ് ഇതിനു പിന്നിലുള്ള കാരണം എന്നതില്‍ വ്യക്തതയില്ല.
2017 ഡിസംബറില്‍ ട്രംപ് ഭരണകൂടം ജറൂസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചിരുന്നു. ടെല്‍ അവീവില്‍ നിന്ന് യുഎസ് എംബസി ഇവിടേക്ക് മാറ്റുകയും ചെയ്തിരുന്നു. ഏഴു പതിറ്റാണ്ടായുള്ള യുഎസിന്റെ വിദേശകാര്യ നയത്തില്‍ നിന്നുള്ള കൃത്യമായ നിലപാടുമാറ്റമായിരുന്നു അത്. അന്താരാഷ്ട്ര എതിര്‍പ്പുകള്‍ക്കിടെയാണ് ട്രംപ് ആ തീരുമാനം കൈക്കൊണ്ടിരുന്നത്.