ന്യൂഡല്‍ഹി: ജെല്ലിക്കെട്ട് നിരോധനം സംബന്ധിച്ച കേസ് പൊങ്കലിന് മുമ്പ് തീര്‍പ്പാക്കാനാവില്ലെന്ന് സുപ്രീംകോടതി. ജെല്ലിക്കെട്ട് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് സുപ്രീംകോടതി ഇതുസംബന്ധിച്ച് വിധിപ്രസ്താവം നടത്തിയത്.
വിധി തയാറായിട്ടുണ്ടെങ്കില്‍ പൊങ്കല്‍ നടക്കുന്ന ശനിയാഴ്ചക്കു മുമ്പ് വിധി പ്രസ്താവിക്കാനാവില്ലെന്ന് കേസ് പരിഗണിച്ച ദീപക് മിശ്ര, ആര്‍ ഭാനുമതി എന്നിവരുള്‍പ്പെട്ട പ്രത്യേക ബെഞ്ച് പറഞ്ഞു. ജെല്ലിക്കെട്ട് നടത്തുന്നതിന് ഈ വര്‍ഷം അനുമതി നല്‍കി കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം കൈകൊള്ളേണ്ടത് സുപ്രീംകോടതിയാണെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ മറുപടി. തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും മറ്റും പ്രചാരത്തിലുണ്ടായിരുന്ന ജെല്ലിക്കെട്ട് 2011ലാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. 2014ല്‍ സുപ്രീംകോടതി ഇതു ശരിവെക്കുകയും ചെയ്തിരുന്നു.