X

മധുരയില്‍ ജെല്ലിക്കെട്ടില്ല; മുഖ്യമന്ത്രി പനീര്‍സെല്‍വത്തെ തടയും; നിയമനിര്‍മ്മാണം വേണമെന്ന് പ്രതിഷേധക്കാര്‍

ചെന്നൈ: മധുര അളകാനെല്ലൂരില്‍ ജെല്ലിക്കെട്ട് നടത്താനുള്ള ശ്രമം ഉപേക്ഷിക്കുന്നു. ജെല്ലിക്കെട്ടിന് താല്‍ക്കാലിക പരിഹാരമല്ല ആവശ്യമെന്നും നിയമനിര്‍മ്മാണമാണ് ആവശ്യമെന്നും നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണ് ജെല്ലിക്കെട്ട് ഉപേക്ഷിക്കുന്നതിന് തീരുമാനിച്ചത്.

ജെല്ലിക്കെട്ട് നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. ആറുമാസത്തെ കാലാവധി മാത്രമുള്ള ഓര്‍ഡിനന്‍സിനു പകരം ഒരു കോടതിക്കും ചോദ്യം ചെയ്യാന്‍ കഴിയാത്ത ശക്തമായ നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധക്കാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടു. മുഖ്യമന്ത്രി പനീര്‍സെല്‍വം ഉന്നതതലയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. പ്രതിഷേധത്തെ തുടര്‍ന്ന് പങ്കെടുക്കാനിരുന്ന ജെല്ലിക്കെട്ടില്‍ നിന്ന് മുഖ്യമന്ത്രി പിന്‍മാറി.

അളകാനെല്ലൂരിലെ സ്ഥിരം ജെല്ലിക്കെട്ടു വേദിക്കു സമീപം പ്രതിഷേധക്കാര്‍ തടിച്ചുകൂടിയിരിക്കുകയാണ്. ഇവിടെ ജെല്ലിക്കെട്ടു നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുമില്ല. അഴകാനല്ലൂരിലേക്കുള്ള റോഡ് ഗതാഗതം പലയിടത്തും പ്രക്ഷോഭകര്‍ തടയുന്നുണ്ട്. ഉദ്ഘാടനത്തിനെത്തിയാല്‍ മുഖ്യമന്ത്രിയേയും തടയുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന ജെല്ലിക്കെട്ട് വേദി മാറ്റി. ഡിണ്ടിഗല്‍ ചക്രം ജെല്ലിക്കെട്ട് പനീര്‍സെല്‍വം ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

chandrika: