ചെന്നൈ: ജെല്ലിക്കെട്ടിന് അനുമതി നല്‍കുന്ന പുതിയ ബില്ലിന് തമിഴ്‌നാട് നിയമസഭ അംഗീകാരം നല്‍കി. സുപ്രീംകോടതി ഏര്‍പ്പെടുത്തിയ നിരോധനം മറികടക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരം സ്ഥിരം സംവിധാനം എന്ന നിലയിലാണ് പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്ന് ബില്‍ പാസാക്കിയത്. നിരോധനം മറികടക്കുന്നതിന് സ്ഥിരം സംവിധാനം വേണമെന്ന ജെല്ലിക്കെട്ട് സമരക്കാരുടെ ആവശ്യം പരിഗണിച്ചാണ് നടപടി.
അതേസമയം ജെല്ലിക്കെട്ട് സമരം ഇന്നലെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അക്രമാസക്തമായി. മറീനാബീച്ചില്‍ പ്രക്ഷോഭക്കാര്‍ പൊലീസ് സ്റ്റേഷന് തീയിട്ടു. മറീന ബീച്ചിലും വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. ഈറോഡ് ബസ് സ്റ്റാന്റില്‍ ശീതള പാനിയവുമായി വന്ന വാഹനത്തിന് സമരക്കാര്‍ തീയിട്ടു. ഇതേതുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. കോയമ്പത്തൂരിലും അക്രമ സംഭവങ്ങള്‍ അരങ്ങേറി. മേട്ടുപാളയം റോഡില്‍ സമരക്കാര്‍ക്കുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ചെന്നൈയില്‍ പൊലീസും സമരക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഇവരെ തലസ്ഥാനത്തെ വിവിധ ആസ്പത്രികളിലായി പ്രവേശിപ്പിച്ചു.
വിരുദുനഗര്‍ ജില്ലയിലെ കന്‍സാപുരത്ത് ജെല്ലിക്കെട്ടിനിടെ നിയന്ത്രണം വിട്ടോടിയ കാളയുടെ കുത്തേറ്റ് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരന്‍ മരിച്ചു. വി ശങ്കര്‍ (29) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശങ്കറിനെ സമീപത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
പ്രക്ഷോഭം അക്രമാസക്തമായതോടെ സമരക്കാര്‍ പിരിഞ്ഞുപോകണമെന്ന അഭ്യര്‍ത്ഥനയുമായി സൂപ്പര്‍സ്റ്റാറുകളായ കമല്‍ഹാസനും രജനീകാന്തും രംഗത്തെത്തി. സാമൂഹ്യ വിരുദ്ധര്‍ സമരത്തില്‍ നുഴഞ്ഞുകയറി മുതലെടുപ്പിന് ശ്രമിച്ചേക്കുമെന്ന് രജനീകാന്ത് മുന്നറിയിപ്പു നല്‍കി. മാവോയിസ്റ്റുകള്‍ സമരത്തില്‍ നുഴഞ്ഞുകയറിയതായി സംശയിക്കുന്നുണ്ടെന്നാരോപിച്ച് പൊലീസും രംഗത്തെത്തി. ജെല്ലിക്കെട്ട് സമരത്തിന്റെ നേതാക്കളും ചലച്ചിത്ര നടന്മാരുമായ രാഘവ ലോറന്‍സ്, ആര്‍.ജെ ബാലാജി എന്നിവരും പ്രക്ഷോഭകരോട് സംയമനം പാലിക്കണമെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തെത്തി. നേതാക്കളില്ലാത്ത ആള്‍ക്കൂട്ടമായി സമരം മാറിയതാണ് സ്ഥിതിഗതികള്‍ കൈവിട്ടുപോകാന്‍ കാരണമെന്ന് ബാലാജി പ്രതികരിച്ചു.
സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ആവശ്യമെങ്കില്‍ കേന്ദ്ര സേനയെ വിന്യസിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
ഒരാഴ്ചയായി തുടരുന്ന ജെല്ലിക്കെട്ട് പ്രക്ഷോഭം നിയന്ത്രണാധീതമായതോടെയാണ് ഇന്നലെ സ്പീക്കര്‍ പി ധനപാലന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്തത്. മുഖ്യമന്ത്രി ഒ പന്നീര്‍ ശെല്‍വമാണ് പുതിയ ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ഹ്രസ്വ ചര്‍ച്ചക്കു ശേഷം നിയമസഭ ഐകകണ്‌ഠ്യേന ബില്‍ അംഗീകരിക്കുകയായിരുന്നു.
അതേസമയം ഓര്‍ഡിനന്‍സിന്റെ ബലത്തില്‍ ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജെല്ലിക്കെട്ട് നടന്നു. തിരുച്ചിറപ്പള്ളിയില്‍ നടന്ന ജെല്ലിക്കെട്ടിനിടെ ഏഴ് പേര്‍ക്ക് പരിക്കേറ്റു. തിരുച്ചിറപ്പള്ളി, അരിയാലൂര്‍, തഞ്ചാവൂര്‍ ജില്ലകളില്‍നിന്നുള്ള 30ലധികം കാളകളാണ് ജെല്ലിക്കെട്ടില്‍ പങ്കെടുത്തത്. പരിക്കേറ്റവരെ ലാല്‍കുഡി സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.