1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തില്‍ ഭേഗഗതി വരുത്തിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ജെല്ലിക്കെട്ട് നടത്തുന്നതിനായി പുതിയ ബില്‍ കൊണ്ടുവന്നത്. പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി റ്റു അനിമല്‍സ് (തമിഴ്‌നാട് ഭേദഗതി) ബില്‍ 2017 എന്നാണ് പുതിയ ബില്ലിന്റെ പേര്. കായികാഭ്യാസത്തിനുപയോഗിക്കുന്ന മൃഗങ്ങളുടെ പരിശീലനത്തിനും പ്രദര്‍ശനത്തിനും നിയന്ത്രണം നിര്‍ദേശിക്കുന്ന നിയമത്തിലെ 22ാം വകുപ്പില്‍ (ഈ വകുപ്പ് ജെല്ലിക്കെട്ട് നടത്തുന്നതിന് തടസ്സമല്ല) എന്ന് ഭേദഗതി പ്രകാരം പുതുതായി എഴുതിച്ചേര്‍ക്കുകയായിരുന്നു. കൂടാതെ ഇതേ നിയമത്തിലെ സെക്ഷന്‍ രണ്ട് (നിര്‍വചനം), മൂന്ന് (മൃഗങ്ങളുടെ സംക്ഷണ ചുമതല വഹിക്കുന്നവര്‍), 11 (മൃഗങ്ങളോടുള്ള ക്രൂരത), 27 (ഒഴിവുകള്‍) എന്നിവയിലും ഭേദഗതി വരുത്തി. ഇതിനു പുറമെ ജെല്ലിക്കെട്ട് സംരക്ഷണം എന്ന പേരില്‍ പുതിയൊരു വകുപ്പ് നിയമത്തില്‍ എഴുതിച്ചേര്‍ക്കുകയും ചെയ്തു.
1960ലെ മൃഗസംരക്ഷണ നിയമത്തിലെ മൂന്ന്, 11, 22 വകുപ്പുകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് 2014ല്‍ സുപ്രീംകോടതി ജെല്ലിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തിയത്.