X
    Categories: MoreViews

ജെല്ലി മിഠായി കഴിച്ച അഞ്ചുവയസ്സുകാരന്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു

കോഴിക്കോട്: വിഷുതലേന്ന് മൊഫ്യൂസല്‍ ബസ് സ്റ്റാന്റിലെ കടയില്‍ നിന്ന് വാങ്ങിയ ജെല്ലി മിഠായി കഴിച്ചതിനെതുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയില്‍ അഞ്ചു വയസുകാരന്‍ മരിച്ചു. കാപ്പാട് പാലോട്ട്കുനി മുനമ്പത്ത് ബഷീറിന്റെ മകന്‍ മുഹമ്മദ് യൂസഫലിയാണ് മരിച്ചത്. മാതാവ് സുഹറാബിയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

13ാം തിയതി വൈകുന്നേരമാണ് സുഹറാബിയും മകനും ബന്ധുവീട് സന്ദര്‍ശിച്ചശേഷം കാപ്പാട്ടേക്ക് മടങ്ങുന്നവഴി മൊഫ്യൂസല്‍ സ്റ്റാന്റില്‍ എത്തിയത്. ബസ്സ്റ്റാന്റിലെ റോയല്‍ ബേക്കറിയില്‍ നിന്ന് പലഹാരങ്ങളും പത്ത് രൂപ വിലയുള്ള ടൈഗര്‍ ഹൈക്കൗണ്ട് ജെല്ലി മിഠായിയും വാങ്ങി. ചെറിയ കപ്പില്‍ ആയിരുന്നു മിഠായികള്‍. ബസില്‍വെച്ച് മിഠായി നുണഞ്ഞപ്പോള്‍ തന്നെ രുചിവ്യത്യാസം ഉള്ളതായി മുഹമ്മദ് യൂസഫലി പറഞ്ഞിരുന്നുവത്രെ. മകന്റെ കൈയില്‍ നിന്ന് സുഹറാബിയും മിഠായി വാങ്ങി കഴിച്ചു.

രാത്രി ഭക്ഷണം കഴിച്ചശേഷം ഉറങ്ങാന്‍ കിടന്ന ഇരുവര്‍ക്കും പിറ്റേന്ന് പുലര്‍ന്നപ്പോള്‍ ഛര്‍ദ്ദിയും അതിസാരവും തുടങ്ങി. വൈകുന്നേരത്തോടെ കാപ്പാടുള്ള സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടിയ ഇരുവരേയും ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ നിര്‍ദേശിച്ചു. രാത്രി പത്തരയോടെ മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴേക്കും യൂസഫലി മരിച്ചു.
സുഹറാബി മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവര്‍ ഗുരുതരാവസ്ഥ തരണം ചെയ്തുവരുന്നതേയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. കസബ പൊലീസ് പരിശോധന നടത്തി കട അടപ്പിച്ചു. മുഹമ്മദ് യൂസഫലിയുടെ മയ്യിത്ത് കാപ്പാട് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ ഖബറടക്കി.
മധുര ഗോപാല്‍നഗറിലെ നാഷണല്‍ കണ്‍ഫക്ഷനറി എന്ന കമ്പനിയാണ് ജെല്ലി മിഠായി വിപണിയില്‍ എത്തിച്ചത്. 2016 മാര്‍ച്ചില്‍ ഉണ്ടാക്കിയ മിഠായി 2017 മേയ് വരെ ഉപയോഗിക്കാമെന്നാണ് കവറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
അജ്മീറില്‍ അത്തര്‍ കച്ചവടം നടത്തുന്ന പിതാവ് ബഷീര്‍ മകന്റെ മരണമറിഞ്ഞ് നാട്ടിലെത്തി. സഹോദരി: ഫസീല.

chandrika: