ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന പദവി തിരിച്ച് പിടിച്ച് ആമസോണ്‍ സ്ഥാപകനും മുന്‍ സിഇഒയുമായ ജെഫ് ബെസോസ്. ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിനെ പിന്തള്ളിയാണ് ഈ നേട്ടം. ബെസോസിന്റെ നിലവിലെ ആസ്തി 200 ബില്യണ്‍ യുഎസ് ഡോളറാണ്.
ഇലോണ്‍ മസ്‌കിന്റെ മൂല്യം 198 ബില്യണ്‍ ഡോളറായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ടെസ്ല സിഇഒയ്ക്ക് ഏകദേശം 31 ബില്യണ്‍ ഡോളര്‍ നഷ്ടമായപ്പോള്‍ ആമസോണ്‍ സ്ഥാപകന്‍ 23 ബില്യണ്‍ ഡോളര്‍ നേടി. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.
അതേസമയം, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയും യഥാക്രമം 11, 12 സ്ഥാനങ്ങളിലുണ്ട്.
സൂചികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് മസ്‌ക്. ലൂയി വിറ്റണ്‍, ഡിയോര്‍, സെലിന്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്ന് നടത്തുന്ന എല്‍വിഎംഎച്ച് (എല്‍വിഎംഎച്ച്എഫ്) സിഇഒ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ പിന്തള്ളി 2023 മെയ് മാസത്തിലാണ് ലോകത്തിലെ ഏറ്റവും ധനികന്‍ എന്ന പദവി മസ്‌ക് സ്വന്തമാക്കിയത്.
2021ന് ശേഷം ഇതാദ്യമായാണ് ബെസോസ് ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ ഒന്നാമതെത്തുന്നത്. ടെസ്ല ഓഹരികള്‍ തകരുന്നത് തുടരുമ്പോള്‍, ആമസോണ്‍ ഓഹരികള്‍ക്ക് വളര്‍ച്ച ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ ഇലോണ്‍ മസ്‌കും ജെഫ് ബെസോസും തമ്മിലുള്ള മൊത്തം ആസ്തിയിലെ വ്യത്യാസം 142 ബില്യണ്‍ ഡോളറായിരുന്നു. 2 കമ്പനികളും യുഎസിലെ മാഗ്‌നിഫിഷ്യന്റ് സെവന്‍ സ്റ്റോക്കുകളുടെ ഭാഗമാണ്. എന്നാല്‍ 2022 മുതല്‍ ആമസോണ്‍ സ്റ്റോക്ക് ഇരട്ടിയായി. ടെസ്ല ഓഹരികള്‍ 2021 ലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്ന് 50 ശതമാനത്തോളം ഇടിഞ്ഞു. തിങ്കളാഴ്ചയും ടെസ്ല ഓഹരികള്‍ ഏഴ് ശതമാനത്തിലധികം ഇടിഞ്ഞിരുന്നു.
ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സ് അനുസരിച്ച്, 197 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ബെര്‍ണാഡ് അര്‍നോള്‍ട്ട് ആണ് മൂന്നാം സ്ഥാനത്ത്. മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് (179 ബില്യണ്‍ ഡോളര്‍), മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ് (150 ബില്യണ്‍ യുഎസ് ഡോളര്‍) എന്നിവര്‍ തൊട്ടുപിന്നിലുണ്ട്. അതേസമയം അംബാനിയുടെ ആസ്തി 115 ബില്യണ്‍ ഡോളറും അദാനിയുടെത് 104 ബില്യണ്‍ ഡോളറുമാണ്.