ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഞായറായ്ച പുറത്തുവന്ന റേഡിയോ പരിപാടിയായ മന്‍ കി ബാത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യം കോവിഡിലും മറ്റു ഗുരുതര പ്രതിസന്ധികളികളും അകപ്പെട്ട് ഭാവി അപകടത്തിലായിരിക്കെ പ്രധാനമന്ത്രി മോദി നടത്തുന്ന ലാഘവമായ പ്രതികരണങ്ങള്‍ക്കെതിരെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.
മന്‍കി ബാത്തില്‍ കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചതിനെ പരാമര്‍ശിച്ചായിരുന്നു തൊട്ടുപിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. കളിപ്പാട്ടങ്ങള്‍ കുട്ടികളുടെ വികസനത്തിന് വളരെ പ്രധാനമാണെന്നായിരുന്നു മോദിയുടെ വാക്കുകള്‍. ഇന്ത്യ ഒരു കളിപ്പാട്ട കേന്ദ്രമായി ഉയര്‍ന്നുവരാനുള്ള ആഹ്വാനവും.
ജെഇഇ-നീറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളെ കുറിച്ചുള്ള ചര്‍ച്ചയാണ് ആവശ്യം, എന്നാല്‍ പ്രധാനമന്ത്രി മോദി കളിപ്പാട്ടങ്ങളെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നതെന്നായിരുന്നു, രാഹുലിന്റെ പരിഹാസ ട്വീറ്റ്.
കോവിഡ് നിയന്ത്രണത്തില്‍ സര്‍ക്കാരിനുണ്ടായ പരാജയം മറച്ചുവെക്കാന്‍ JEE, NEET വിദ്യാര്‍ത്ഥികളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രധാനമന്ത്രി തന്റെ പ്രതിമാസ റേഡിയോ പ്രസംഗത്തില്‍ കളിപ്പാട്ടങ്ങള്‍ കുട്ടികളുടെ വികസനത്തിന് വളരെ പ്രധാനമാണെന്നും ഇന്ത്യ അതിന്റെ നിര്‍മ്മാണത്തില്‍ ആഗോള തലത്തില്‍ ഒന്നാതമാകണമെന്നും പറഞ്ഞിരുന്നു. ദുരന്തനിവാരണത്തിലും രക്ഷാപ്രവര്‍ത്തനങ്ങളിലും നായ്ക്കള്‍ നല്‍കുന്ന പങ്കിനെ കുറിച്ചും മോദി സംസാരിച്ചു. വീട്ടില്‍ നായയെ വളര്‍ത്താന്‍ പദ്ധതിയുണ്ടെങ്കില്‍ നാടന്‍ നായ്ക്കളെ വളര്‍ത്തണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.
‘അടുത്ത തവണ ഒരു ഒരു നായയെ വളര്‍ത്തുന്ന കാര്യം ആലോചിക്കുമ്പോള്‍ വീട്ടിലേയ്ക്ക് ഇന്ത്യന്‍ ഇനത്തില്‍പ്പെട്ട ഒരു നായയെ കൊണ്ടുവരുന്ന കാര്യം പരിഗണിക്കുക.’ പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. ദുരന്തനിവാരണത്തിലും രക്ഷാപ്രവര്‍ത്തനങ്ങളിലും നായ്ക്കള്‍ വലിയ പങ്കാണ് വഹിക്കുന്നത്. ഇന്ത്യയില്‍ ദേശീയ ദുരന്ത നിവാരണ സേന ഇത്തരത്തില്‍ പന്ത്രണ്ടോളം നായ്ക്കളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഭൂകമ്പത്തിലോ കെട്ടിടം തകര്‍ന്നോ അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെ കുടുങ്ങിയവരെ കണ്ടെത്താന്‍ ഈ നായ്ക്കള്‍ വിദഗ്ധരാണ്. നാടന്‍ പട്ടികള്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ വളര്‍ത്താന്‍ കൂടുതല്‍ ഇണങ്ങിയവയാണെന്നും വളര്‍ത്താന്‍ താരതമ്യേന ചെലവ് കുറവാണെന്നും പ്രധാനമന്ത്രി പറഞ്ഞു.