തിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് കുട്ടനാട്ടില്‍ വീണ്ടും ജേക്കബ് എബ്രഹാമിന് നറുക്ക്. കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്കിടെയാണ് ജോസഫ് വിഭാഗത്തിലെ പ്രധാനിയായ ജേക്കബ് എബ്രഹാമിനെ യുഡിഎഫ് ഒരിക്കല്‍ക്കൂടി സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ തോമസ് ചാണ്ടിക്കെതിരെ മത്സരിച്ചതിന്റെ അനുഭവക്കരുത്തുമായാണ് ജേക്കബ് ഗോദയിലിറങ്ങുന്നത്. വീഴ്ചകള്‍ പരിഹരിച്ചാല്‍ കുട്ടനാട് പിടിക്കാമെന്ന് തന്നെയാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍.
സര്‍ക്കാറിനെതിരെ നിലവിലുള്ള പ്രശ്നങ്ങളും ജനവിധിയില്‍ പ്രതിഫലിക്കും. സ്വര്‍ണക്കള്ളക്കടത്ത് കേസും ബാര്‍കോഴക്കേസിലെ എല്‍ഡിഎഫ് മലക്കം മറിച്ചിലും മണ്ഡലത്തില്‍ ചര്‍ച്ചയാകും. അവസരവാദ നിലപാടുകള്‍ സ്വീകരിക്കുന്ന സിപിഎം നിലപാടും വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തും.
കേരള കോണ്‍ഗ്രസ് എം വിഭാഗം യുഡിഎഫിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകള്‍ ഏകദേശം അവസാനിച്ചിട്ടുണ്ട്. ഇടതുഭാഗത്തേക്ക് ചാഞ്ഞുനില്‍ക്കുകയാണിപ്പോള്‍ ജോസ് കെ മാണിയും സംഘവും. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 18 ന് ശേഷം മാത്രമേ ഉണ്ടാകൂ. എന്നാല്‍ എന്‍സിപി സ്ഥാനാര്‍ത്ഥി തോമസ് കെ തോമസ് അനൗദ്യോഗിക പ്രചാരണം ആരംഭിച്ചിട്ടുണ്ട്. തോമസിനെ എല്‍ഡിഎഫ് പിന്തുണച്ചേക്കും എന്ന സൂചനയുമുണ്ട്.
കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ ജേക്കബ് അബ്രഹാമിന് 45223 വോട്ടും വിജയിച്ച തോമസ് ചാണ്ടിക്ക് 50114 വോട്ടുമാണ് ലഭിച്ചിരുന്നത്. 4891 വോട്ടാണ് തോമസ് ചാണ്ടിയുടെ ഭൂരിപക്ഷം.
എന്‍.ഡി.എയ്ക്ക് വേണ്ടി ആര് മത്സരത്തിനിറങ്ങും എന്നതില്‍ വ്യക്തതയില്ല. കഴിഞ്ഞ തവണ ബിഡിജെഎസിനായിരുന്നു സീറ്റ്. കഴിഞ്ഞ തവണ മത്സരിച്ച സുഭാഷ് വാസു നേതൃത്വവുമായി ഇപ്പോള്‍ നല്ല നിലയില്ല. വെള്ളാപ്പള്ളി-സുഭാഷ് വാസു വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് മത്സരിക്കാനുള്ള സാദ്ധ്യതയും നിലനില്‍ക്കുന്നു. കഴിഞ്ഞ തവണ സുഭാഷ് വാസു മുപ്പത്തിമുവ്വായിരത്തിലേറെ വോട്ടുകള്‍ നേടിയിരുന്നു.