X
    Categories: indiaNews

ഏഴ് മണ്ഡലങ്ങളിലെ വിജയം 500 വോട്ടിന് താഴെ; ഹില്‍സയില്‍ ജെഡിയു ജയിച്ചത് 12 വോട്ടിന്

പട്‌ന: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് നേരിയ ഭൂരിപക്ഷത്തോടെ എന്‍ഡിഎ സഖ്യം ബിഹാറില്‍ ഭരണം നിലനിര്‍ത്തിയത്. 243 അംഗ സഭയില്‍ എന്‍ഡിഎ 125 സീറ്റുകള്‍ നേടി. ആര്‍ജെഡി നയിക്കുന്ന മഹാസഖ്യം 110 സീറ്റുകളില്‍ വിജയിച്ചു. 75 സീറ്റുകള്‍ നേടി തേജസ്വി യാദവിന്റെ ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി.

എന്നാല്‍ ഭരണം നിലനിര്‍ത്തിയെങ്കിലും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു തെരഞ്ഞെടുപ്പില്‍ നിറംമങ്ങി. 43 സീറ്റുകള്‍ മാത്രമാണ് ജെഡിയുവിന് നേടാനായത്. നിതീഷിനോട് ഇടഞ്ഞ് എന്‍ഡിഎ വിട്ട് 137 സീറ്റുകളില്‍ ഒറ്റയ്ക്കു മത്സരിച്ച ചിരാഗ് പാസ്വാന്റെ എല്‍ജെപി ഒറ്റ സീറ്റില്‍ ഒതുങ്ങി. നേരിയ ഭൂരിപക്ഷത്തോടെയാണ് പലയിടത്തും ജയം. 11 ഇടത്ത് ലീഡ് ആയിരത്തില്‍ താഴെ, 500ല്‍ താഴെ വോട്ടിനു ജയം ഏഴു മണ്ഡലങ്ങളില്‍.ബിഹാറിലെ ഹില്‍സയില്‍ ജെഡിയു ജയം വെറും 12 വോട്ടിന്. ബര്‍ബിഘ (113 വോട്ട്), ദേഹ്‌രി (464) എന്നിവിടങ്ങളില്‍ ആര്‍ജെഡി ബച്വാരയില്‍ ബിജെപി (484), ഭോറായില്‍ ജെഡിയു (462) മതിഹനിയില്‍ എല്‍ജെപി ജയിച്ചത് 333 വോട്ടിന്.പുലര്‍ച്ചെ മൂന്നു മണിയോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് അന്തിമഫലം പുറത്തുവന്നത്.

70 സീറ്റുകളില്‍ മല്‍സരിച്ച കോണ്‍ഗ്രസ് 19 സീറ്റുകളാണ് നേടിയത്. ഇടതുപാര്‍ട്ടികള്‍ 16 സീറ്റുകള്‍ നേടി. സിപിഐഎംഎല്‍ 12 സീറ്റ് നേടിയപ്പോള്‍, സിപിഎം, സിപിഐ പാര്‍ട്ടികള്‍ രണ്ടു സീറ്റ് വീതം നേടി. അതേസമയം ബിഹാറില്‍ നിര്‍ണായകമാകുമെന്ന് കരുതിയ ചിരാഗ് പാസ്വാന്റെ എല്‍ജെപി ഒരു സീറ്റ് മാത്രമാണ് നേടിയത്.

അസദുദ്ദീന്‍ ഒവൈസിയുടെ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടി അഞ്ചു സീറ്റുകള്‍ നേടി. കിഷന്‍ഗഞ്ച്, പൂര്‍ണിയ, കതിഹാര്‍, അരാരിയ എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന സീമാഞ്ചല്‍ മേഖലയിലാണ് ഒവൈസി വോട്ടു പിടിച്ചത്. ബിഎസ്പി, ആര്‍എല്‍എസ്പി. എന്നിവരെ ഉള്‍പ്പെടുത്തി മുന്നണി രൂപീകരിച്ചാണ് ഒവൈസിയുടെ പാര്‍ട്ടി ബിഹാറില്‍ മത്സരിച്ചത്.

 

Test User: