പട്ന: ബിഹാറില്‍ ജെ.ഡി.യു-ബി.ജെ.പിയുമായുള്ള ഭിന്നത രൂക്ഷമാകുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു സംസ്ഥാനത്തെ 25 സീറ്റില്‍ മത്സരിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പവന്‍ വര്‍മ പറഞ്ഞു. ബി.ജെ.പിയോ നരേന്ദ്ര മോദിയോ അല്ല ബിഹാറിന്റെ ബോസെന്നും മുഖ്യമന്ത്രി നിതീഷ് കുമാറാണെന്നും പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിനു ശേഷം അദ്ദേഹം പറഞ്ഞു.
അതേസമയം ജെ.ഡി.യുവിന്റെ പ്രസ്താവന ബി.ജെ.പിയെ ഞെട്ടിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുമ്പോള്‍ എന്‍.ഡി.എ പാളയത്തില്‍ വിള്ളലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ജെ.ഡി.യുവിന്റെ നിലപാട്.
സംസ്ഥാനത്ത് ബി.ജെ.പി നടത്തുന്ന അതിക്രമങ്ങളുടെ തിക്തഫലം അനുഭവിക്കുന്നത് മുഖ്യമന്ത്രിയും പാര്‍ട്ടിയുമാണെന്നും അതിനാല്‍ ബി.ജെ.പിയുമായി യോജിച്ച് പോകാനാവില്ലെന്നുമാണ് ജെ.ഡി.യു നല്‍കുന്ന സൂചന. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പ് തോല്‍വികളും ജെ.ഡി.യുവിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ഈ രീതി തുടര്‍ന്നാല്‍ പിന്നെ ബിഹാറില്‍ നിലനില്‍പ്പില്ലെന്ന ഭയമാണ് ബി.ജെ. പിയെ മാറ്റി നിര്‍ത്താന്‍ ജെ.ഡിയുവിനെ പ്രേരിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് തെരഞ്ഞെടുപ്പിലെ സീറ്റുകളുടെ കാര്യം പോലും ജെ.ഡി.യു ഒറ്റക്ക് തീരുമാനിച്ചിരിക്കുന്നത്.
2009ല്‍ ബി.ജെ.പിയുമായി സഖ്യമുണ്ടായിരുന്നപ്പോള്‍ ലഭിച്ചിരുന്ന സീറ്റുകള്‍ വേണമെന്നാണ് ജെ.ഡി.യുവിന്റെ ആവശ്യം. അതായത് 25 സീറ്റില്‍ അവര്‍ മത്സരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. അങ്ങനെയെങ്കില്‍ ബി.ജെ.പി 15 സീറ്റിലൊതുങ്ങും. ജെ.ഡി.യുവിന് 25 സീറ്റും ലഭിക്കും. 2014ല്‍ 22 സീറ്റുകളാണ് ബിഹാറില്‍ എന്‍.ഡി.എ നേടിയത്. രാംവിലാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിയും ഉപേന്ദ്ര കുശ്വാഹയുടെ ആര്‍.എസ്.എല്‍.എസ്.പിയും എന്‍.ഡി.എക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ 15 സീറ്റ് ഒരിക്കലും ബി.ജെ.പിക്ക് സ്വീകാര്യമല്ല. മറ്റു സഖ്യകക്ഷികള്‍ക്ക് വീതം വെച്ച് നല്‍കേണ്ട സീറ്റും ബി.ജെ.പിയെ ആശങ്കപ്പെടുത്തുന്നുണ്ട്. മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ബി.ജെ.പി നിശ്ചയിച്ചതില്‍ പ്രതിഷേധിച്ച് 2013 ലാണ് ജനതാദള്‍ (യു) രണ്ട്് പതിറ്റാണ്ടായുള്ള എന്‍.ഡി.എ സഖ്യം വിച്ഛേദിച്ചത്.
പിന്നീട് 2016 ല്‍ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിക്കും കോണ്‍ഗ്രസിനും ഒപ്പം മഹാസഖ്യം രൂപീകരിച്ച് ബി.ജെ.പിയെ പരാജയപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഒരു വര്‍ഷം തികയുമ്പോള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആര്‍.ജെ.ഡിയുമായി ബന്ധം വിച്ഛേദിച്ച് നിതീഷ് വീണ്ടും ബി.ജെ.പിക്കൊപ്പം ചേര്‍ന്നു. ബിഹാര്‍ നിയമസഭയില്‍ ജനതാദളിന് 70 ഉം ബി.ജെ.പിക്ക് 50 ഉം അംഗങ്ങളാണുള്ളത്.